Asianet News MalayalamAsianet News Malayalam

ബെവ്ക്യൂ ആപ്പിന്‍റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ബെവ് കോ

അമ്പതിനായിരം പേർക്ക് ടോക്കൺ നൽകി കഴിഞ്ഞെന്ന് ബെവ് കോ അറിയിച്ചു. നാളെ നാല് ലക്ഷം പേർക്കും ടോക്കൺ കൊടുക്കുമെന്നും ബെവ്കോ വ്യക്തമാക്കി. 

bev q is now ready for use says bevco all issues solved
Author
Trivandrum, First Published May 29, 2020, 9:37 PM IST

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിന്‍റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ബെവ് കോ. അമ്പതിനായിരം പേർക്ക് ടോക്കൺ നൽകി കഴിഞ്ഞെന്ന് ബെവ് കോ അറിയിച്ചു. നാളെ നാല് ലക്ഷം പേർക്കും ടോക്കൺ കൊടുക്കുമെന്നും ബെവ്കോ വ്യക്തമാക്കി. 

ആപ്പിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി പി രാകൃഷ്ണൻ സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് തേടിയിരുന്നു. 

കൊച്ചി കേന്ദ്രമാക്കി 2019-ൽ പ്രവർത്തനം ആരംഭിച്ച ഫെയർകോഡ് എന്ന കമ്പനിയാണ് ബെവ്ക്യൂ ആപ്പ് നിർമ്മിച്ചത്. കൊച്ചി എളംകുളത്തുള്ള ഓഫീസിലാണ്  ബെവ്ക്യൂ എന്ന ആപ്പ് തയ്യാറാക്കിയത്. വിവോ എന്റർപ്രൈസ് എന്നായിരുന്നു കമ്പനിയുടെ ആദ്യത്തെ പേര്. 2019 ഇൽ ആണ് ഫെയർകോഡ് ടെക്നോളജി എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. കേരള സ്റ്റാർട്ടപ് മിഷന് കീഴിലെ സ്റ്റാർട്ടപ് ഐടി കമ്പനിയാണിത്. 

നവീൻ ജോർജ്, എ.ജി.കെ വിഷ്ണു എന്നിവരാണ് സ്ഥാപകർ. ഇടതു സഹയാത്രികൻ എന്ന് പ്രതിപക്ഷം ആരോപിക്കുന്ന രജിത് രാമചന്ദ്രൻ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ 32 മൊബൈൽ, വെബ് ആപ്പുകളാണ് കമ്പനി ഇതു വരെ വികസിപ്പിച്ചത്. സ്കൂളുകളിലെ ഓൺലൈൻ ക്ലാസ്സിനു  വേണ്ടിയുള്ള ആപ്പാണ് ഇവർ പുറത്തിറക്കിയതിൽ പ്രധാനം. 

ലോക്ക്ഡൗണിന് ശേഷം മദ്യവിൽപന ആരംഭിക്കുമ്പോൾ ഉണ്ടാവുന്ന തിരക്കൊഴിവാക്കാൻ മദ്യ വിതരണത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്താൻ രണ്ടാഴ്ച മുൻപാണ് സർക്കാ‍ർ തീരുമാനിച്ചത്. ഇതിനായി ഒരു  ആപ്പ് വേണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോ‍ർപറേഷൻ മെയ് ഏഴിന് സ്റ്റാർട്ടപ് മിഷനെ സമീപിച്ചു. ആപ്പ് നി‍ർമ്മിക്കാൻ താത്പര്യം പ്രകടിപ്പിച്ച് 29 കമ്പനികൾ സ്റ്റാ‍ർട്ടപ്പ് മിഷനെ സമീപിച്ചു. 

ഇതിൽ നിന്നും അ‍ഞ്ച് കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. സാങ്കേതിക മികവ് പരിശോധനയിൽ ഒന്നാം സ്ഥാനം ലഭിച്ചത് സ്മാർട് ഇ 3 സൊലൂഷൻസ് എന്ന കമ്പനിക്കാണ്. ടെക്നിക്കൽ സ്കിൽ ടെസ്റ്റിൽ ഇവരുടെ സ്കോർ 86. 79 ആയിരുന്നു. എന്നാൽ നി‍ർമ്മാണ കരാ‍ർ ലഭിച്ച ഫെയർകോഡ് രണ്ടാം സ്ഥാനത്തായിരുന്നു. 

ആപ്പ് വികസിപ്പിക്കുന്നതിന് സ്മാർട്ട് ഇ സൊലൂഷൻസ് ആവശ്യപ്പെട്ടത്  1,85, 50,000 രൂപ (1.85 കോടി).  ഫെയർകോഡ് 2,48,203 (2.48 ലക്ഷം) രൂപയും. വളരെ കുറഞ്ഞ തുക ബിഡ് ചെയ്തതോടെയാണ് ആപ്പ് നി‍ർമ്മാണത്തിനായി ഫെയർ കോഡിനെ തെരഞ്ഞെടുത്തത്. ഐടി സെക്രട്ടറി എം ശിവശങ്കരൻറെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആപ്പ് നിർമ്മാതാക്കളെ തെരഞ്ഞെടുത്തത്. 

പ്രതീക്ഷിച്ചതിലും ദിവസങ്ങൾ വൈകിയാണ് ആപ്പ് റിലീസായത്. എന്നാൽ ബീറ്റാ റിലീസ് മുതൽ തന്നെ ബെവ്ക്യൂ ആപ്പിൽ വിവാദം തുടങ്ങി. 35 ലക്ഷം പേ‍ർ ഒരുമിച്ച് ഉപയോ​ഗിച്ചാൽ പോലും ആപ്പിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നായിരുന്നു ഫെയർ കോഡിൻ്റെ അവകാശവാദം. എന്നാൽ പത്ത് ലക്ഷം പേ‍ർ ആപ്പിലെത്തിയപ്പോൾ തന്നെ എല്ലാം താറുമാറായി. രജിസ്ട്രേഷന് വേണ്ടിയുള്ള ഒടിപി നൽകാൻ ഒരു സേവന ദാതാവിനെ മാത്രമാണ് ആപ്പുമായി ബന്ധിപ്പിച്ചിരുന്നത് ഇതാണ് ആദ്യ ഘട്ടത്തിൽ കല്ലുകടി ഉണ്ടാക്കിയത്. 

Follow Us:
Download App:
  • android
  • ios