തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും. മദ്യവിൽപന തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി. തിരക്ക് നിയന്ത്രിക്കാനായി ഓൺലൈൻ ടോക്കൺ നൽകി തിരക്ക് നിയന്ത്രിച്ചാവും മദ്യവിൽപന. ഓൺലൈൻ ടോക്കൺ വിതരണത്തിന് വേണ്ടിയുള്ള മൊബൈൽ ആപ്പ് നിലവിൽ പ്രവ‍ർത്തന സജ്ജമായിട്ടുണ്ടെന്ന് ബിവറേജസ് അധികൃതർ അറിയിച്ചു.

വൈകിട്ട് 3.30-ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ മൊബൈൽ ആപ്പ് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം നടത്തും. ആപ്പിൻ്റെ  ഉപയോ​ഗം സംബന്ധിച്ച വിശദമായ മാ‍​ർ​ഗരേഖ മന്ത്രി വ്യക്തമാക്കും എന്നാണ് അറിയുന്നത്. ഇന്ന് ഉച്ചമുതൽ മൊബൈൽ ആപ്പ് ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകും എന്നാണ് ബെവ്കോ അധികൃതർ അറിയിക്കുന്നത്. 

കൊച്ചി ആസ്ഥാനമായ ഫെയർ കോഡ് എന്ന സ്ഥാപനമാണ് ആപ്പ് നിർമ്മിക്കുന്നത്. സംസ്ഥാനത്തെ 303 ബെവ്കോ - കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളും സ്വകാര്യ ബാറുകളും വൈൻ പാർലറുകളും വഴി ആപ്പിലൂടെ ടോക്കൺ ബുക്ക് ചെയ്ത് അടുത്തുള്ള മദ്യവിൽപനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ​ഗൂ​ഗിളിലും പ്ലേ സ്റ്റോറിലും കഴിഞ്ഞ ഒരാഴ്ചയായി ഈ ആപ്പിനായി സെർച്ച് ചെയ്ത് കാത്തിരുന്നത്.