Asianet News MalayalamAsianet News Malayalam

ബാറുകളിലെ പാഴ്‌സല്‍ മദ്യത്തിന് വില കൂടുമോ, എങ്ങനെയാണ് മദ്യം വാങ്ങേണ്ടത്; വ്യക്തത വരുത്തി ബെവ്‌കോ

നാലാം ഘട്ട ലോക്ഡൗണില്‍ മദ്യശാലകള്‍ തുറക്കുമ്പോള്‍ വില്‍പനയെ സംബന്ധിച്ചും ബാറുകളിലെ പാഴ്‌സല്‍ വിലയെ സംബന്ധിച്ചും വ്യക്തത വരുത്തി ബെവ്‌കോ. 

BEVCO clears doubts over  liquor sale in Kerala
Author
Thiruvananthapuram, First Published May 18, 2020, 9:14 PM IST

തിരുവനന്തപുരം:  നാലാം ഘട്ട ലോക്ഡൗണില്‍ മദ്യശാലകള്‍ തുറക്കുമ്പോള്‍ വില്‍പനയെ സംബന്ധിച്ചും ബാറുകളിലെ പാഴ്‌സല്‍ വിലയെ സംബന്ധിച്ചും വ്യക്തത വരുത്തി ബെവ്‌കോ. 

*പുതുക്കിയ ചട്ടപ്രകാരം ബാറുകളിലെ പ്രത്യേക കൗണ്ടര്‍ വഴി മദ്യം വില്‍ക്കുമ്പോള്‍ ബാറുകള്‍ക്ക് കോര്‍പറേഷന്‍ നിശ്ചയിച്ചിട്ടുള്ള ചില്ലറവില്‍പ്പന വിലയ്ക്കു മാത്രമേ വില്‍ക്കാനാവൂ. ഇത് 20 ശതമാനം മാര്‍ജിന്‍ ചേര്‍ത്തുള്ള വിലയാണ്. ഈ വിലയ്ക്കാണ് ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും വില്‍പ്പന നടത്തുന്നത്. മുന്‍കാലങ്ങളിലെപോലെ ബാറുകള്‍ക്ക് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പരിഗണനയില്‍ ഇഷ്ടമുള്ള വിലക്ക് വില്‍പ്പന നടത്താനാവില്ല.

*കോര്‍പറേഷന്റെ ചില്ലറവില്‍പ്പനശാലകളിലും ബാറുകളിലും മറ്റും കോര്‍പറേഷന്‍ നടപ്പിലാക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ മദ്യം നല്‍കാന്‍  കഴിയൂ. 

*മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്തുള്ള വില്‍പ്പനശാലയിലേയ്ക്ക് ഓട്ടോമാറ്റിക് ആയി ടോക്കണ്‍ ലഭിക്കും. ബാറുകാരുടെ ഇഷ്ടപ്രകാരം ഉപഭോക്താക്കള്‍ക്ക് ബാറിലേയ്ക്ക് മാത്രമായി വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ നല്‍കാന്‍ സാധിക്കില്ല.

കോര്‍പറേഷന്റെ വെയര്‍ഹൗസില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡ്, ബാര്‍, ബിയര്‍/ വൈന്‍ പാര്‍ലര്‍ കൂടാതെ മറ്റു ലൈസന്‍സികള്‍ക്കും മദ്യം നല്‍കുന്നത് കോര്‍പറേഷന്‍ നിശ്ചയിച്ചിട്ടുള്ള ഹോള്‍സെയില്‍ വിലക്കാണ്. അതേ രീതിയില്‍ തന്നെയായിരിക്കും ബാറുകള്‍ക്കും മദ്യം നല്‍കുക. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന വില്‍പ്പനനികുതി നിരക്കും ഉള്‍പ്പെടുത്തി ആയിരിക്കും വില ഈടാക്കുക.

ലോക്ക്ഡൗണിനു മുന്‍പുള്ള അതേ രീതിയില്‍ തന്നെയായിരിക്കും കോര്‍പ്പറേഷന്‍ വില്‍പ്പന തുടരുന്നത്. അതിനാല്‍ കോര്‍പ്പറേഷനോ സര്‍ക്കാരിനോ റവന്യു നഷ്ടം ഉണ്ടാവില്ലെന്നും ബെവ്‌കോ വ്യക്തമാക്കി. ബാറുകള്‍ വഴി പാഴ്സലായി മദ്യം നല്‍കുന്നതിലൂടെ സര്‍ക്കാരിന് റവന്യു നഷ്ടം ഉണ്ടാവുമെന്ന ആരോപണം ശരിയല്ലെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. 

കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ചില്ലറമദ്യവില്‍പ്പനശാലകള്‍ക്കും വിദേശമദ്യം നല്‍കുന്നത് കോര്‍പറേഷന്റെ എഫ് എല്‍ 9 വെയര്‍ഹൗസില്‍ നിന്നാണ്. കണ്‍സ്യൂമര്‍ഫെഡിന് നല്‍കുന്ന അതേ വിലയ്ക്കാണ് ബാറുകള്‍ക്കും മറ്റു ലൈസന്‍സികള്‍ക്കും മദ്യം നല്‍കുന്നത്. ഇതേ രീതി തന്നെയാണ് തുടര്‍ന്നും സ്വീകരിക്കുക.
കോര്‍പറേഷന്റെ കീഴിലുള്ള ചില്ലറവില്‍പ്പനശാലകളിലൂടെ മാത്രം മദ്യവില്‍പന നടത്തിയാല്‍ ബാറുകളില്‍ നിന്നുള്ള നികുതിവരുമാനം നഷ്ടമാകും. ഇത്തരത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 1500 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിക്കും.

നിലവില്‍ കോര്‍പറേഷന്റെ വെയര്‍ഹൗസില്‍ നിന്ന് കോര്‍പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ക്കും മറ്റു ലൈസന്‍സികള്‍ക്കും മദ്യം നല്‍കുന്നത് 70:30 എന്ന അനുപാതത്തിലാണ്. ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്ന ഘട്ടത്തില്‍ ഈ അനുപാതത്തിലുള്ള വരുമാന നഷ്ടം കെഎസ്ബിസിക്കുണ്ടാകും. എന്നാല്‍ ബാറുകളിലെ പ്രത്യേക കൗണ്ടറുകളില്‍ കൂടി മദ്യവില്‍പ്പന നടത്തുമ്പോള്‍ അതിനനുസൃതമായ വരുമാന വര്‍ധനവ് ബിവറേജസ് കോര്‍പറേഷന് ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios