തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് മുതൽ ജോലിക്കെത്തില്ലെന്ന് അറിയിച്ച് ബിവറേജസ് കോർപ്പറേഷനിലെ ഒരു വിഭാഗം തൊഴിലാളികൾ. ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയനാണ് ഇക്കാര്യം അറിയിച്ച് കത്തു നൽകിയിരിക്കുന്നത്. 

തൃപ്തികരമല്ലാത്ത സാഹചര്യമായതിനാൽ ഇന്ന് മുതൽ ബിവറേജസിലെ ഐഎൻടിയുസി തൊഴിലാളികൾ അവധി എുത്തു വീട്ടിലിരിക്കുമെന്നാണ് യൂണിയൻ അറിയിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എംപ്ലായീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ
എംഎൽഎയുമായ ടി യു രാധാകൃഷ്ണന്റെ പേരിലാണ് അറിയിപ്പ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ബിവറേജസ് കോർപ്പറേഷൻ ഔട്ട്്‌ലറ്റുകൾ അടയ്ക്കാൻ സർക്കാർ തയ്യാറാകാത്തതിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. സമൂഹവ്യാപനത്തിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ട ഈ സമയത്ത് ഇവ തുറന്നു പ്രവർത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്നും പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് മുഖം തിരിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം അറിയിക്കാനുള്ള കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയുടെ നീക്കം. 

അതേസമയം, കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൈക്കൊള്ളുന്ന സംസ്ഥാനത്ത് ബിവറേജസിനെ അത്യാവശ്യ കാര്യമായി കാണില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങളിലേക്ക് അദ്ദേഹം പോയതുമില്ല. സാമൂഹിക പ്രസക്തി ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഔട്ട്‌ലറ്റുകൾ അടച്ചിടേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്.    

Read Also: ബെവ്കോ: മുഖ്യമന്ത്രി പിണറായി പറഞ്ഞതെന്ത്? പഞ്ചാബിലെ മദ്യവിൽപ്പനശാലകളുടെ അവസ്ഥയെന്ത്...