Asianet News MalayalamAsianet News Malayalam

ബാറുകള്‍ക്കായി ബെവ്കോയുടെ ഒത്തുകളി, പ്രതിദിനം കോടികളുടെ നഷ്ടവും; ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

അനുവദിക്കാവുന്നതിന്‍റെ മൂന്നു മടങ്ങിലേറെ മദ്യമാണ് ബെവ്കോ ബാറുകള്‍ക്ക് വഴിവിട്ട് നല്‍കുന്നത്. ടോക്കണ്‍ വ്യവസ്ഥ കാറ്റില്‍പറത്തി ബാറുകള്‍ക്ക് ഇഷ്ടം പോലെ മദ്യം വിതരണം ചെയ്യുന്നതായി വിവരാവകാശ നിയമപ്രകാരം എക്സൈസില്‍ നിന്ന് കിട്ടിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 

bevco give large quantity liquor to bars avoid government instructions
Author
Calicut, First Published Nov 9, 2020, 8:57 AM IST

ബാറുകള്‍ക്കായി ബെവ്കോയുടെ ഒത്തുകളി, പ്രതിദിനം കോടികളുടെ നഷ്ടവും; ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം


കോഴിക്കോട്: കൊവിഡ് മറയാക്കി ബെവ്കോയും ബാര്‍ മുതലാളിമാരും നടത്തുന്നത് വന്‍ ഒത്തുകളി. അനുവദിക്കാവുന്നതിന്‍റെ മൂന്നു മടങ്ങിലേറെ മദ്യമാണ് ബെവ്കോ ബാറുകള്‍ക്ക് വഴിവിട്ട് നല്‍കുന്നത്. ടോക്കണ്‍ വ്യവസ്ഥ കാറ്റില്‍പറത്തി ബാറുകള്‍ക്ക് ഇഷ്ടം പോലെ മദ്യം വിതരണം ചെയ്യുന്നതായി വിവരാവകാശ നിയമപ്രകാരം എക്സൈസില്‍ നിന്ന് കിട്ടിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 

സംസ്ഥാനത്തെ ബാറുകള്‍ക്ക് മദ്യം അനുവദിക്കുന്നത് ബെവ്കോ വെയര്‍ഹൗസുകളില്‍ നിന്നാണ്. കൊവിഡിന് മുമ്പ് ബാറുകള്‍ക്ക് യഥേഷ്ടം മദ്യം വാങ്ങാമായിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ബെവ്ക്യൂ ആപ് നിലവില്‍ വന്നതോടെ ബാറുകളില്‍ കച്ചവടം കൂടുകയും ബെവ്കോ ഔട്ട്ലറ്റുകളില്‍ വില്‍പന കുത്തനെ കുറയുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് അനുവദിക്കാവുന്ന ടോക്കണുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചു. ഒപ്പം ബാറുകള്‍ക്കനുവദിക്കുന്ന മദ്യത്തിന്‍റെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ബെവ്കോ എംഡി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശം ബെവ്കോ തന്നെ അട്ടിമറിച്ചു.

ടോക്കണ്‍ വ്യവസ്ഥയില്‍ മാത്രം ബാറുകള്‍ക്ക് മദ്യം നല്‍കിയാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയ ബെവ്കോ അധികൃതര്‍ തന്നെ ബാറുകള്‍ക്ക് യഥേഷ്ടം മദ്യം അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ ബാറുകളിലെ മദ്യ വില്‍പന വീണ്ടും കുതിച്ചുയര്‍ന്നു. കോഴിക്കോട് നഗരത്തിലെ മഹാറാണി ബാറില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍  അഞ്ച് ദിവസം അനുവദിച്ച ടോക്കണുകളുടെ എണ്ണം ബെവ്കോ ആപ്പില്‍ നിന്നെടുത്തു. ശരാശരി 200 ടോക്കണുകളില്‍ താഴെ മാത്രം. അതായത് ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം 600 ലിറ്റര്‍ വിദേശ മദ്യമാണ് ഈ ബാറിന് അനുവദിക്കേണ്ടത്. ഒക്ടോബര്‍ മാസത്തെ 29 പ്രവൃത്തി ദിവസങ്ങള്‍ക്കായി 17400 ലിറ്റര്‍ മദ്യം അനുവദിക്കാം. കൊടുത്തതോ 5553 കെയ്സുകളിലായി 49977 ലിറ്റര്‍ വിദേശ മദ്യം. അതായത് പരമാവധി അനുവദിക്കാവുന്നതില്‍ മൂന്നിരട്ടിയിലേറെ.

കോഴിക്കോട് നഗരത്തിലെ തന്നെ കോപ്പര്‍ഫോളിയ ബാറിലെ സ്ഥിതിയും ഇത് തന്നെ. ഒക്ടോബര്‍ മാസത്തെ അഞ്ച് ദിവസങ്ങളിലെ ടോക്കണ്‍ കണക്കെടുത്ത് ശരാശരി നോക്കി. ദിവസം 200 ല്‍ താഴെ. പരമാവധി ഒക്ടോബറില്‍ 17400 ലിറ്റര്‍ മദ്യം കൊടുക്കാം.. പക്ഷേ കൊടുത്തതോ, 49122 ലിറ്റര്‍ മദ്യം. കോഴിക്കോട് നഗരത്തിലെ തന്നെ മറ്റ് ചില ബാറുകളില്‍ ദിവസം 25 ടോക്കണ്‍ പോലും പോയില്ല. അവര്‍ക്കും കിട്ടി അനുവദിക്കാവുന്നതില്‍ അഞ്ചും പത്തും ഇരട്ടി മദ്യം. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ വീഴ്ചയാണെന്നായിരുന്നു ബെവ്കോ ഇന്‍റേര്‍ണല്‍ ഓഡിറ്ററുടെ പ്രതികരണം.

ബെവ്കോയുടെ കച്ചവടം മൂന്നിലൊന്നായി കുറയുകയും ബാറുകളുടേത് കുത്തനെ കൂടുകയും ചെയ്യുന്നത് അറിയേണ്ടവരെല്ലാം അറിയുന്നുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് അടുക്കാറായതുകൊണ്ട് തന്നെ ബാറുകള്‍ കോടികള്‍ കൊയ്യുന്നത്  നോക്കി നില്‍ക്കുകയാണ് സര്‍ക്കാരും നടപടിയെടുക്കേണ്ടിവരും.

Follow Us:
Download App:
  • android
  • ios