തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് - പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കും. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും
തിരുവനന്തപുരം: കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് - പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്' പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുകയെന്ന് തദ്ദേശ - എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും, വാങ്ങിയ ആൾ തന്നെ കൊണ്ടുവരണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി അറിയിച്ചു.
ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വിവരിച്ചു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോൾ ലഭിക്കുമെന്നും അതിനാൽ മദ്യ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി വിവരിച്ചു. സെപ്തംബർ ആദ്യം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. ശേഷം സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
800 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളിൽ മാത്രമായിരിക്കും വിൽക്കുക. 900 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം വിൽക്കുന്ന നിലയിൽ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ എല്ലാ ജില്ലകളിലും തുടങ്ങാനും തീരുമാനമുണ്ട്. തൃശൂരിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങുക.
വിശദവിവരങ്ങൾ ഇങ്ങനെ
മിനറൽ വാട്ടർ കുപ്പികളും മദ്യകുപ്പിയും നാട്ടിലും തോട്ടിലും പുഴയിലും വലിച്ചെറിഞ്ഞുണ്ടായ പരിസ്ഥിതി നാശം വലുതാണ്. മിനറൽ വാട്ടർ കുപ്പി നിയന്ത്രണത്തിന് കോടതി ഇടപെട്ടു, ഇതോടെയാണ് മദ്യകുപ്പികളുടെ കാര്യത്തിൽ തമിഴ്നാട് മോഡൽ പരീക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞത്. ഇത് വഴി ഖജനാവിലേക്ക് പണവും കൂടുതൽ കിട്ടും. ബെവ്കോയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ 800 രൂപയ്ക്ക് മുകളിൽ വരുന്ന മദ്യം ഗ്ലാസ് ബോട്ടിലായിരിക്കും ഇനി വിൽക്കുക. സെപ്തംബർ ഒന്നു മുതൽ മദ്യത്തിന് 20 രൂപ അധികം നൽകണം. ഇതൊരു ഡെപോസിറ്റാണ്. പ്ലാസ്റ്റിക് - ഗ്ലാസ് കുപ്പികള്‍ തിരികെ വാങ്ങിയ ഔട്ട് ലെറ്റുകളിൽ തന്നെ നൽകിയാൽ ഈ ഡെപ്പോസിറ്റ് തിരികെ നൽകും. ഡെപ്പോസിറ്റ് നൽകി മദ്യം വാങ്ങുന്നയാള്‍ മദ്യകുപ്പി തിരികെ നൽകിയില്ലെങ്കിൽ സർക്കാരിനാകും ലാഭം. വാങ്ങുന്ന ആള്‍ തന്നെ കുപ്പി തിരികെ നൽകണമെന്നില്ല. ബെവ്കോയുടെ ഹോളോഗ്രാമുള്ള കുപ്പി ആര് ശേഖരിച്ചു ഔട്ട് ലെറ്റിൽ കൊണ്ടുകൊടുത്താലും പണം ലഭിക്കും. എല്ലാ ജില്ലകളിലും 900 രൂപക്ക് മുകളിലുള്ള മദ്യം ലഭിക്കുന്ന സൂപ്പർ പ്രീമിയം ഒട്ട് ലെറ്റുകളും തുടങ്ങും.
