സിപിഎം ലോക്കൽ സെക്രട്ടറിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഔട്ട് ലെറ്റ് നോട്ടീസ് നൽകാതെ മറ്റൊരിടത്തേക്ക് മാറ്റിയെന്നാരോപിച്ചാണ് അടപ്പിച്ചത്
തേക്കടിയുടെ കവാട പട്ടണമായ കുമളിയിലെ ബെവ്കോ ഔട്ട് ലെറ്റ് സിപിഎം പീരുമേട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ അടപ്പിച്ച് എട്ടു ദിവസം കഴിഞ്ഞിട്ടും തുറക്കാൻ നടപടിയായില്ല. സിപിഎം ലോക്കൽ സെക്രട്ടറിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഔട്ട് ലെറ്റ് നോട്ടീസ് നൽകാതെ മറ്റൊരിടത്തേക്ക് മാറ്റിയെന്നാരോപിച്ചാണ് അടപ്പിച്ചത്. രണ്ടു സിപിഎം നേതാക്കൾ തമ്മിലുള്ള മത്സരത്തെ തുടർന്ന് ഔട്ട് ലെറ്റ് അടപ്പിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിനുണ്ടായിക്കൊണ്ടിരിക്കുന്നത്.
കുമളിക്കു സമീപം അട്ടപ്പള്ളത്ത് സിപിഎം കുമളി ലോക്കൽ സെക്രട്ടറിയുടെ കെട്ടിടത്തിലാണ് ബെവ്കോ ഔട്ട്ലെറ്റ് പ്രവർത്തിച്ചിരുന്നത്. പതിനാലാം തീയതി രാവിലെ ചെളിമടയിലുള്ള പുതിയ സ്ഥലത്തേക്ക് ഔട്ട്ലെറ്റ് മാറ്റി. പുതിയ ലോഡ് മദ്യം എത്തിച്ചാണ് പ്രവർത്തനം തുടങ്ങി. ഒരു ലക്ഷത്തിലധികം രൂപയുടെ കച്ചവടവും നടന്നു. ഈ സമയം ഔട്ട്ലെറ്റിലെത്തിയ സിപിഎം പീരുമേട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ബലമായി അടപ്പിച്ചു. സിപിഎം നേതാവുമായി ബെവ്കോ ഉണ്ടാക്കിയ കരാറിന് രണ്ടര വർഷം കൂടെ കാലവധിയുണ്ടെന്നും കട മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉടമക്ക് നോട്ടീസ് നൽകിയില്ലെന്നും കാണിച്ചായിരുന്നു നടപടി.കുമളിക്കാർ വണ്ടിപ്പെരിയാറിലോ കൊച്ചറയിലെ എത്തി മദ്യം വാങ്ങേണ്ട അവസ്ഥയിലാണിപ്പോൾ. പൂജ ആവധി പ്രമാണിച്ച് നിരവധി സഞ്ചാരികളാണ് തേക്കടിയിലേക്കെത്തുന്നത്.
സിപിഎം നടപടിക്കെതിരെ കടയുടമ കോടതിയിൽ നൽകിയ കേസിൽ പഴയ ഉടമയും കക്ഷി ചേർന്നതോടെ ഉത്തരവിനായി കാത്തിരിക്കുകയാണ് ബെവ്കോ. ഔട്ട് ലെറ്റ് ബലമായി അടപ്പിച്ചതിനെതിരെ ഇന്നലെയാണ് ബെവ്കോ പോലീസിൽ പരാതി നൽകിയത്.
