തിരുവനന്തപുരം: അറുപത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മദ്യവിൽപനശാലകൾ പുനരാരംഭിക്കാനിരിക്കേ മദ്യവിൽപന സംബന്ധിച്ച് വിശദമായ മാർഗ്ഗരേഖ ബിവറേജസ് കോർപ്പറേഷൻ പുറത്തിറക്കി. മദ്യവിൽപനയ്ക്കുള്ള ആപ്പ് നി‍ർമ്മാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ച സഹാചര്യത്തിൽ ആരോപണങ്ങൾക്ക് മറുപടിയും ബെവ്കോ നൽകുന്നു. 

മദ്യവിൽപനയ്ക്കായി മൊബൈൽ ആപ്പ് നി‍ർമ്മിച്ച കമ്പനിക്ക് എസ്എംഎസിൽ നിന്നും വരുമാനം കിട്ടില്ലെന്ന് ബെവ്കോ വ്യക്തമാക്കുന്നു. എസ്എംഎസ് ചാ‍ർജ് ഈടാക്കുന്നത് ബെവ്കോയാണ്. ആപ്പ് രൂപകൽപന ചെയ്ത കമ്പനിക്ക് ഇതിൽ നിന്നും പണം കിട്ടില്ല. ഒരു വ‍ർഷത്തേക്ക് 2,83,000 രൂപയാണ് ആപ്പിനായി എക്സൈസിന് ഒരു വ‍ർഷം ചിലവാകുന്നത്. അഞ്ച് ലക്ഷം രൂപയിൽ താഴെയുളള സ്റ്റാർട്ടപ്പ് പ്രോജക്ടുകൾക്ക് ടെണ്ടർ വേണ്ടന്ന് ഉത്തരവുണ്ട് അതിനാൽ തന്നെ മൊബൈൽ ആപ്പ് നി‍ർമ്മാണത്തിന്ടെണ്ടർ വിളിക്കാത്തതിൽ അപാകതയില്ലെന്നും ബെവ്കോ വിശദീകരിക്കുന്നു. 

ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ സംസ്ഥാനത്ത് മദ്യവിൽപന പൂർണമായും ഓൺലൈൻ വഴിയായിരിക്കുമെന്ന് ബെവ്കോ പുറത്തിറക്കിയ മാർ​ഗ നി‍ർദേശത്തിൽ പറയുന്നു. വി‍ർച്വൽ ക്യൂ സംവിധാനത്തിലൂടെ ടോക്കൺ എടുത്തു വേണം മദ്യം വാങ്ങാൻ വിൽപനശാലയിലെത്താൻ. ഒരേ സമയം ടോക്കണുമായി വരുന്ന അ‍ഞ്ച് പേരെ മാത്രമേ മദ്യശാലയിൽ അനുവദിക്കൂ. 

ഒരു തവണ മദ്യം വാങ്ങിയാൽ പിന്നെ നാല് ദിവസം കഴിഞ്ഞാൽ മാത്രമേ മദ്യം വാങ്ങാൻ അനുമതി ലഭിക്കൂ. കൊവിഡ് മാ‍​‍ർ​ഗനി‍ർദേശം പാലിച്ച് പൂ‍ർണമായും സാമൂഹിക അകലം പാലിച്ചാവും മദ്യവിൽപന. അതിനാൽ തന്നെ ഹോട്ട് സ്പോട്ടിൽ മദ്യവിൽപന ഉണ്ടാകില്ല. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാവും മദ്യവിൽപന.