തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് മദ്യശാലകൾ തുറക്കുമ്പോൾ തിരക്ക് ക്രമീകരിക്കാൻ സർക്കാർ കൊണ്ടുവന്ന ബെവ്ക്യു ആപ്പ് പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് താൻ തുടക്കത്തിൽ ആരോപിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

ബെവ്ക്യു ആപ്പ് വൻ തട്ടിപ്പാണെന്നും ആപ്പിലൂടെ സംസ്ഥാന ബിവറേജസ് കോർപ്പറേഷന് വലിയ നഷ്ടമുണ്ടായെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുരഭിമാനം വെടിയണമെന്നും ആപ്പ് പിൻവലിക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കാനായി നടപ്പാക്കിയ വിർച്വൽ ക്യൂ സംവിധാനത്തിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ആപ്പ് നിർമ്മാണത്തിന് കരാറൊപ്പിട്ടതിൽ പക്ഷപാതമുണ്ടെന്നും അഴിമതിയും സ്വജനപക്ഷപാതപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ബെവ്ക്യു ആപ്പ് നിർമ്മാണം മറയാക്കി നടന്ന അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.