Asianet News MalayalamAsianet News Malayalam

'യൂസഫലി സാറിന്റെ കരുണയാണ്'; അബുദാബിയിലെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തിയ ബെക്സ് കൃഷ്ണൻ

''ജോലി നൽകുകയാണെങ്കിൽ, യൂസഫലി സാറിനെ സേവിക്കാൻ കിട്ടുന്ന ഒരു അവസരമായി അതിനെ കാണും. ജോലി ഏറ്റെടുക്കും...''

Bex Krishnan who escapes execution in Abu Dhabi and returns to Kerala says thanks to M A  Yusuff Ali
Author
Kochi, First Published Jun 9, 2021, 10:11 AM IST

കൊച്ചി: കുടുംബത്തെ കാണാൻ പറ്റുമെന്ന് കരുതിയില്ല, യൂസഫലി സാറിന്റെ കരുണയാണ്... - കുടുംബത്തെ കണ്ടശേഷം ബെക്സ് കൃഷ്ണന്റെ പ്രതികരണമാണ്. അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിച്ചതായിരുന്നു ബെക്സ് കൃഷ്ണനെ. വ്യവസായി എം എ യൂസഫലിയുടെ നിർണ്ണായക ഇടപെടൽ കാരണമാണ് തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ മോചിതനായത്. കുടുംബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണു ഇതോടെ വിരാമമായത്.

ജയിൽ മുതൽ വിമാനത്താവളം വരെ എല്ലാ കാര്യത്തിനും മൂത്താപ്പയുണ്ടായിരുന്നു. 2012 ലാണ് അപകടം നടന്നത്. ആദ്യം 15 വർഷം തടവായിരുന്നു. അപ്പീൽ കോടതിയിലും ഇതേ തടവായിരുന്നു. സുപ്രീം  കോടതിയിലെത്തിയപ്പോഴാണ് ഇത് വധശിക്ഷയായത്. അന്ന് മുതൽ യൂസഫലി സാർ പുറകിലുണ്ട്. അദ്ദേഹം ഏറ്റെടുത്ത നാൾ മുതൽ പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ വിശ്വാസമുണ്ടായിരുന്നു. ടെൻഷനില്ലായിരുന്നു.

തന്റെ ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശി, പാക്കിസ്ഥാൻ പൗരന്മാരുടെ വധശിക്ഷ ഫെബ്രുവരിയിലാണ് നടപ്പിലാക്കിയത്. 
ജോലി നൽകുകയാണെങ്കിൽ, യൂസഫലി സാറിനെ സേവിക്കാൻ കിട്ടുന്ന ഒരു അവസരമായി അതിനെ കാണും. ജോലി ഏറ്റെടുക്കും.
തടവിലായിരുന്നപ്പോൾ ഞായ‍ർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നാല് തവണ അന്താരാഷ്ട്ര ഫോൺ വിളിക്കാം. യുഎഇയിലെ ബന്ധുവിനെയും വിളിക്കാറുണ്ട്. - .. ബെക്സ് പറഞ്ഞു. 

വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണൻ പുലർച്ചെ രണ്ടു മണിയോടെയാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിത്. അദ്ദേഹത്തെ സ്വീകരിക്കാൻ ഭാര്യ വീണയും മകൻ അദ്വൈതും എത്തിയിരുന്നു. കുടുംബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണു ഇതോടെ വിരാമമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്‌സ് കൃഷ്ണന് വധശിക്ഷ വിധിച്ചത്. 

അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (ബ്ലഡ് മണി) 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്. 2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. 

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്. 

അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം എ യൂസഫലിയോട്  മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കെത്തിച്ചത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്ന് കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios