2026 ജനുവരി 12നാണ് വലിയ അപകടം നടന്നത്. രാവിലെ 8.30 ഓടെയാണ് ബേപ്പൂര്‍ തീരത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് സെന്റ് തിയോസിസ് എന്ന ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളും കടലില്‍ മുങ്ങിത്താഴുന്ന സാഹചര്യമുണ്ടായി.
കോഴിക്കോട്: കടലില്‍ അപകടത്തില്‍പ്പെട്ട ബോട്ടിലെ 14 തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് ദേശീയ അംഗീകാരം. 202-526 വര്‍ഷത്തെ നാഷണല്‍ മാരിടൈം സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ അവാര്‍ഡ് ആണ് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് ലഭിച്ചത്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.കെ സലിം, കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
2026 ജനുവരി 12നാണ് വലിയ അപകടം നടന്നത്. രാവിലെ 8.30 ഓടെയാണ് ബേപ്പൂര്‍ തീരത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് സെന്റ് തിയോസിസ് എന്ന ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളും കടലില്‍ മുങ്ങിത്താഴുന്ന സാഹചര്യമുണ്ടായി. വിവരം ലഭിച്ചയുടന്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അപകടസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് ബോട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി.
ഇതോടെ സമയോചിതമായി ഇടപെട്ട കോസ്റ്റ് ഗാര്‍ഡ് സംഘം ബോട്ടിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമയുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് അപകടം നടന്ന കൃത്യമായ സ്ഥലം കണ്ടെത്തി കോസ്റ്റ് ഗാര്‍ഡിന് കൈമാറാന്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസിന് സാധിച്ചത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതില്‍ നിര്‍ണായകമായി. രക്ഷാപ്രവര്‍ത്തനത്തില്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് നടത്തിയ മാതൃകാപരമായ ഇടപെടല്‍ പരിഗണിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് സ്റ്റേഷനെ ദേശീയ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.


