രാജ്ഭവനിലെ ഭാരത മാതാവ് ചിത്ര വിവാദത്തെെ തുടർന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് രാജ്ഭവൻ.

തിരുവനന്തപുരം: രാജ്ഭവനിൽ വെച്ച ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി വൻവിവാദം. ആർഎസ്എസ് വേദികളിലേതിന് സമാനമായ ചിത്രം മാറ്റണമെന്ന ആവശ്യം ഗവർണർ തള്ളിയതോടെ രാജ്ഭവനിൽ നടക്കേണ്ട പരിസ്ഥിതി ദിനാഘോഷ പരിപാടി സർക്കാർ ഉപേക്ഷിച്ചു. ഭാരതാംബയുടെ ചിത്രം മാറ്റുന്ന പ്രശ്നമില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കി. ഗവർണ്ണറുടെ നടപടി ഭരണഘടനാലംഘനമാണെന്ന് മന്ത്രിമാരും സിപിഎം നേതാക്കളും വിമർശിച്ചു.

അസാധാരണ തർക്കമാണ് രാജ്ഭവനും സർക്കാറിനും ഇടയിലുണ്ടായത്. ലോകപരിസ്ഥിതി ദിനാഘോഷത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനമായിരുന്നു രാവിലെ രാജ്ഭവനിൽ നടക്കേണ്ടിയിരുന്നത്. കൃഷിമന്ത്രിയുടെ സന്നിധ്യത്തിൽ ഗവർണ്ണർ മുഖ്യാതിഥി. പക്ഷെ പരിപാടി നടക്കേണ്ട രാജ്ഭവൻ സെൻട്രൽ ഹാളിൽ വെച്ച ഭാരതാംബയുടെ ഫോട്ടോയെ ചൊല്ലി കൃഷിവകുപ്പ് ഉടക്കി. 

ഇന്നലെ രാത്രി വേദി പരിശോധിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഫോട്ടോയുടെ കാര്യം മന്ത്രിയെ അറിയിച്ചു. കൃഷിമന്ത്രി ഫോട്ടോ മാറ്റാൻ രാജ്ഭവനോട് ആവശ്യപ്പെട്ടു. പകരം ഭാരതാംബയുടെ മറ്റൊരു ചിത്രം വെക്കാമെന്ന നിർദ്ദേശം മന്ത്രിയുടെ ഓഫീസ് വെച്ചെങ്കിലും നിലവിലെ ഫോട്ടോ മാറ്റാൻ ഗവർണ്ണർ തയ്യാറായില്ല. ഇതോടെ മുഖ്യമന്ത്രിയുമായി ആലോചിച്ച് കൃഷിമന്ത്രി പരിപാടി ഉപേക്ഷിച്ചു. 

സർക്കാർ ഉപേക്ഷിച്ച പരിപാടി ഭാരതാംബയുടെ ചിത്രത്തിൽ പൂക്കൾ അർപ്പിച്ച് ഗവർണ്ണർ നടത്തി. മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച ഗവർണ്ണർ ഫോട്ടോയിൽ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി. ഗവർണറോട് ഉടക്കിയ സർക്കാർ പരിസ്ഥിതി ദിനാഘോഷം നടത്തിയക് ദർബാർ ഹാളിൽ.

ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി കഴിഞ്ഞ ദിവസം രാജ്ഭവനിൽ പ്രസംഗിച്ചതും ഇതേ ചിത്രത്തിൻറെ പശ്ചാത്തലത്തിലായിരുന്നു. ഗുരുമൂർത്തിയെ ക്ഷണിച്ചതിനെ എൽഡിഎഫും കോൺഗ്രസ്സും വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ചിത്രവിവാദം ആരിഫ് മുഹമ്മ് ഖാൻ മാറി വന്ന ആർലേക്ക‌ർ സർക്കാറുമായി അനുനയപാതയിൽ നീങ്ങുമ്പോഴാണ് ഭാരതാംബ ചിത്രവിവാദത്തിലെ ഭിന്നത. ചിത്രം മാറ്റാൻ ഗവർണ്ണർ തയ്യാറാല്ലാത്ത സാഹചര്യത്തിൽ രാജ് ഭവൻ സെൻട്രൽ ഹാളിലെ ഇനിയുള്ള പരിപാടികളിലെ സർക്കാർ നിലപാടും പ്രധാനമാണ്.