തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസം പ്രാബല്യത്തിൽ വരുത്തിയ സാഹചര്യത്തിൽ പ്രതിസന്ധിയിലായ ദളിത് ആദിവാസി മത്സ്യത്തൊഴിലാളി വിഭാ​ഗത്തിലെ കുട്ടികൾക്ക് പഠനത്തിന് പിന്തുണ നൽകി ഭീം ഓൺലൈൻ ക്ലാസ്റൂമുകൾ. ഓൺലൈൻ ക്ലാസ്റൂമുകളിലെത്തിച്ചേരാൻ സാധിക്കാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇപ്പോഴുമുള്ളത്. ദളിത്, പിന്നാക്ക,ആദിവാസി മേഖലകളിൽ സ്മാർട്ട് ഫോണോ ഇന്റർനെറ്റോ ടെലിവിഷനോ വൈദ്യുതിയോ ഇല്ലാത്ത വീടുകളനവധിയാണ്.

ഇത്തരത്തിൽ ഓൺലൈൻ പഠനത്തിന് വേണ്ട ആക്സസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടിയാണ് ഭീം ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് റൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ അജയകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി. തിരുവന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റൈറ്റ്സ്. ഈ സംഘടനയുടെ നേതൃത്വത്തിലാണ്  ഭീം ഓൺലൈൻ വെബ്സൈറ്റ് മേയ് 25 മുതല്‍ പ്രവര്‍ത്തന സജ്ജമായത്.

''വിവിധ മേഖലകളിലെ പ്രൊഫഷണലുകളുടെ ഒരു  കൂട്ടായ്മയാണ് ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പഠനത്തിനാവശ്യമായ കണ്ടന്റ് ക്രിയേറ്റ് ചെയ്യുക എന്നത് വളരെ ശ്രമകരമാണ്. അതിനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ആക്സസ് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യുന്നത്. ആറ്റിങ്ങലിലെ കൊടിതൂക്കി കുന്ന് എന്ന സ്ഥലത്താണ് ഇപ്പോൾ ക്ലാസ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ഡിജിറ്റൽ ക്ലാസ് റൂം ട്രയൽ നടത്തിയത് അവിടെയായിരുന്നു. ഏറ്റവും പുതിയ മോഡലിലുളള ഒരു ആൻഡ്രോയിഡ് ടിവിയും വൈഫൈ കണക്ഷനുമാണ് ഇപ്പോഴുള്ളത്. ഇന്റർനെറ്റ് സൗകര്യം ലഭിക്കാത്ത സ്ഥലത്ത് ബദൽ സംവിധാനം ഒരുക്കാൻ ശ്രമം നടന്നു വരികയാണ്. അതുപോലെ കറന്റ് ഇല്ലാത്ത വീടുകളുണ്ട്. അവിടെ സോളാർ സിസ്റ്റം സ്ഥാപിക്കാനും ആലോചനയുണ്ട്.'' അജയകുമാർ വ്യക്തമാക്കി.

ഇപ്പോൾ ഒന്‍പത് പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള പാഠഭാ​ഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമേണ മറ്റ് ക്ലാസ്സുകളിലെ പാഠങ്ങളും ഉൾപ്പെടുത്തും. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിലെ കുട്ടികൾക്ക്, ഇവയുള്ള സ്ഥലത്തെത്തി പാഠഭാ​ഗങ്ങൾ‌ ഡൗൺലോഡ് ചെയ്ത് പിന്നീട് പഠിക്കാൻ സാധിക്കുന്നതിനുള്ള ആപ്ലിക്കേഷൻ തയ്യാറാക്കുന്നുണ്ട്. വീഡിയോകള്‍ www.bhimonlineclassroom.in എന്ന വെബ്സൈറ്റിലുണ്ടാകും.

നിലവില്‍ നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിരവധി സൗകര്യങ്ങളാണ് ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ക്കും പഠനത്തിനായും ലഭിക്കുന്നത്. എന്നാൽ ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ഇവയൊന്നും ലഭിക്കുന്നില്ല. ഓൺലൈൻ പഠന സൗകര്യങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന കുട്ടികൾക്ക് വേണ്ടിയാണ് ഭീം ഓൺലൈൻ ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നതെന്നും അജയകുമാർ പറഞ്ഞു.