മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് വിദ്യാർത്ഥികൾക്കായി 1500 രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ആറ് മുതൽ പ്ലസ് വൺ വരെയുള്ള 50,000 വിദ്യാർത്ഥികൾക്കാണ് ഈ അവസരം.
തിരുവനന്തപുരം: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ, തദ്ദേശ സ്വയം ഭരണ വകുപ്പ് വിദ്യാർത്ഥികൾക്കായി 1500 രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന സംസ്ഥാനത്തെ 50,000 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ആറ്, ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. മാലിന്യ സംസ്കരണത്തിൽ പുതുതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുക, അവബോധം വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു
സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ്പ് നൽകുന്നത്. ഇതിനായി പൂർത്തിയാക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്:
ഗാർഹിക മാലിന്യ സംസ്കരണം: സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണ രീതികൾ നിരീക്ഷിക്കുകയും, അത് മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യണം.
പരിസര നിരീക്ഷണം: സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ രീതികൾ മനസിലാക്കുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യണം.
ഗ്രീൻ പ്രോട്ടോകോൾ: ഗ്രീൻ പ്രോട്ടോകോൾ എങ്ങനെ പാലിക്കാം എന്ന് മനസിലാക്കി പ്രചരിപ്പിക്കണം.
മാലിന്യം തരംതിരിക്കൽ: മാലിന്യം തരംതിരിക്കുന്ന രീതികളെക്കുറിച്ച് വ്യക്തമായി അറിയുകയും, അതിന്‍റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യണം.
മാലിന്യം കുറയ്ക്കൽ: മാലിന്യത്തിന്‍റെ അളവ് കുറയ്ക്കുന്നതിനുള്ള പ്രായോഗിക ശ്രമങ്ങളിൽ ഏർപ്പെടണം.
മാലിന്യമുക്തമായ ഒരു കേരളം സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും പുതിയ തലമുറയുടെ സഹകരണവും പിന്തുണയും അനിവാര്യമാണെന്നും, എല്ലാ വിദ്യാർത്ഥികളുടെയും പിന്തുണ ഈ ഉദ്യമത്തിൽ അഭ്യർത്ഥിക്കുന്നതായും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്കോളർഷിപ്പിനായുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കും.


