പാറ്റ്ന: ബിഹാറിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎക്കും മഹാസഖ്യത്തിനും കേവലഭൂരിപക്ഷം നേടാനാവില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ആകെയുള്ള 243 സീറ്റിൽ 122 സീറ്റ് നേടുന്നവരാണ് അധികാരത്തിലെത്തുക. നിതീഷ് കുമാറിനും ജെഡിയുവിനും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിക്കുമ്പോൾ ആർജെഡി വലിയ ഒറ്റക്കക്ഷിയാകുമെന്നും ബിജെപി വലിയ രണ്ടാമത്തെ കക്ഷിയാക്കുമെന്നും പ്രവചനങ്ങൾ പറയുന്നു. കോൺഗ്രസിന് സീറ്റ് കണക്കിൽ നാലാം സ്ഥാനത്തേക്ക് പോവുമെന്നും ഇടതുപാർട്ടികൾ നേട്ടമുണ്ടാക്കുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 

സംസ്ഥാനത്ത് മഹാസഖ്യം 139 മുതൽ 161 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് ഇന്ത്യ പ്രവചനം. എൻഡിഎക്ക് 69 മുതൽ 91 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ പറയുന്നു. എൽജെപിക്ക് അഞ്ച് വരെ സീറ്റ് ലഭിക്കും. എഐഎംഐഎം അടക്കമുള്ള പാർട്ടികൾക്ക് എട്ട് വരെ സീറ്റ് ലഭിക്കും. ടൈംസ് നൗ ചാനലും സീ വോട്ടറും ചേർന്ന് നടത്തിയ സർവേയിൽ എൻഡിഎക്ക് 116 ഉം മഹാസഖ്യത്തിന് 120 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷ പാർട്ടികൾക്ക് പത്ത് സീറ്റ് വരെ ലഭിക്കാമെന്ന് സർവേ ഫലം പ്രവചിക്കുന്നു. 243 ൽ എൻഡിഎക്ക് 116 സീറ്റ്, മഹാസഖ്യത്തിന് 120 സീറ്റ്, എൽജെപിക്ക് ഒരു സീറ്റ്. ബിജെപിക്ക് 70, ജെഡിയുവിന് 40 സീറ്റും ലഭിക്കും. എൻഡിഎയിലെ മറ്റ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതം ലഭിക്കും. മഹാസഖ്യത്തിൽ ആർജെഡിക്ക് 85 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് 25 സീറ്റ് വരെ കിട്ടും. ഇടതുപാർട്ടികൾക്ക് പത്ത് സീറ്റും ലഭിക്കും.

എബിപി ന്യൂസിന്റെ സർവേയിൽ എൻഡിഎക്ക് 104 മുതൽ 128 സീറ്റ് വരെയും മഹാസഖ്യത്തിന് 108 മുതൽ 131 സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്. എൽജെപിക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കാമെന്നും ഇവർ പറയുന്നു. എൻഡിഎയിൽ ബിജെപിക്ക് 66 മുതൽ 74 സീറ്റ് ലഭിക്കും. ജെഡിയുവിന് 38 മുതൽ 46 സീറ്റ് വരെ മാത്രമേ ലഭിക്കൂ. മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപക്ഷം ബിഹാറിൽ മികച്ച നേട്ടമുണ്ടാക്കുമെന്ന് എബിപി സർവേ ഫലം പറയുന്നു. മഹാസഖ്യത്തിൽ ആറ് മുതൽ 13 സീറ്റ് വരെ ഇടതുപക്ഷം വിജയിക്കും. ആർജെഡിക്ക് 81 മുതൽ 89 വരെയും കോൺഗ്രസിന് 21 മുതൽ 29 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

റിപ്പബ്ലിക് ജൻ കി ബാത്ത് സർവേയിൽ എൻഡിഎക്ക് 91 മുതൽ 117 സീറ്റ് വരെ ലഭിക്കാമെന്നാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 118 മുതൽ 138 സീറ്റ് വരെ ലഭിക്കാം. എൽജെപിക്ക് അഞ്ച് മുതൽ എട്ട് വരെയും മറ്റുള്ളവർ മൂന്ന് മുതൽ ആറ് സീറ്റ് വരെയും നേടാമെന്നാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് നേട്ടമുണ്ടാകുമെന്ന് ടിവി9 ഭാരത് വർഷ് എക്സിറ്റ് പോൾ ഫലം പറയുന്നു. കേവല ഭൂരിപക്ഷമായ 122 ലഭിക്കില്ലെങ്കിലും 120 സീറ്റിൽ മഹാസഖ്യം വിജയിക്കും. എൻഡിഎ 116 സീറ്റ് വരെ നേടും. എൽജെപിക്ക് ഒരു സീറ്റിലേ വിജയിക്കാനാവൂ. മറ്റുള്ളവർക്ക് ആറ് സീറ്റ് വരെ ലഭിക്കുമെന്നും സർവേ ഫലം പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വിക്കാണ് ഇന്ത്യ ടുഡെ ആക്സിസ് പോൾ സർവേയിൽ പങ്കെടുത്ത 44 ശതമാനം പേരുടെയും പിന്തുണ. നിതീഷ് കുമാർ മുഖ്യമന്ത്രിയാകണമെന്ന് 35 ശതമാനം പേർ ആഗ്രഹം പ്രകടിപ്പിച്ചു. ചിരാഗ് പാസ്വാൻ മുഖ്യമന്ത്രിയാകണമെന്ന് ഏഴ് ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് ഭൂരിപക്ഷം വോട്ടും മഹാസഖ്യത്തിനായിരിക്കുമെന്ന് ടുഡെയ്സ് ചാണക്യ പ്രവചിക്കുന്നു. മഹാസഖ്യത്തിന് 44 ശതമാനവും എൻഡിഎക്ക് 34 ശതമാനവും വോട്ട് വിഹിതമാണ് പ്രവചിച്ചിരിക്കുന്നത്.

മഹാസഖ്യത്തിന്റെ മുന്നണി പോരാളിയായിരുന്ന തേജസ്വി യാദവ് എന്ന 30 വയസുകാരൻ ആവർത്തിച്ച് ആവശ്യപ്പെട്ടത് യുവാക്കളുടെ തൊഴിലെന്ന ആവശ്യത്തിനായിരുന്നു. അധികാരത്തിൽ വന്നാൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് അയാൾ വാഗ്ദാനം ചെയ്തു. ദിവസവും പത്ത് മുതൽ 15 റാലികളിൽ വരെ പ്രസംഗിച്ചു. ആകെ 215 റാലികളിൽ തേജസ്വിയെത്തി. അതേസമയം പ്രധാനമന്ത്രിയെയും ബിജെപിയെയും വിമർശിക്കുന്ന ജോലി ഏറ്റെടുത്തതാകട്ടെ മഹാസഖ്യത്തിൽ കോൺഗ്രസും ഇടത് പാർട്ടികളുമായിരുന്നു. 

ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യാ ടിവി - ആക്സിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി ആറ് മുതൽ ഏഴ് വരെ സീറ്റും കോൺഗ്രസ് ഒന്ന് മുതൽ രണ്ട് വരെ സീറ്റും നേടുമെന്നാണ് പ്രവചനം. മധ്യപ്രദേശിൽ ബിജെപി 18 സീറ്റ്‌ വരെ നേടാം എന്ന് ഇന്ത്യ ടുഡേ ആക്സിസ് സർവേ. ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.  മധ്യപ്രദേശിൽ കോൺഗ്രസിന് 12 സീറ്റ് വരെ കിട്ടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് പോൾ പ്രവചനം. ബിഎസ്പിക്ക് ഒരു സീറ്റാണ് പരമാവധി പ്രവചിക്കുന്നത്.