തിരുവനന്തപുരം: ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് പരാതി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്‍റായിരുന്നപ്പോൾ രമേശ് ചെന്നിത്തലയക്കും മുൻ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് നൽകിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. സിപിഐ ജില്ലാ കമ്മിറ്റി  അംഗം പി കെ രാജുവാണ് പരാതി നൽകിയത്. ഇതേ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടക്ക് മുന്നിൽ മറ്റ് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബാര്‍ ഉടമയായ ബിജു രമേശ് മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ചത്.  കെഎം മാണിക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ മകന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു രമേശ് ആരോപിച്ചു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും ബിജു രമേശ് ആരോപണം ഉന്നയിച്ചു.