Asianet News MalayalamAsianet News Malayalam

നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണം: ഹർജിയുമായി അമ്മ ബിന്ദു ഹൈക്കോടതിയിൽ


അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരേയും അവരുടെ മക്കളേയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതിൽ സുരക്ഷ ഏജൻസികൾക്ക് കടുത്ത എതിർപ്പുണ്ടെന്നാണ് സൂചന.

bindu filed petition in highcourt to bring back her daughter nimisha fathima
Author
Kochi, First Published Jul 2, 2021, 1:24 PM IST

കൊച്ചി: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയിൽ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദുവാണ് ഹർജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹേബിയസ് കോർപ്പസ് ഹർജിയാണ് ബിന്ദു മകൾക്കായി കോടതിയിൽ നൽകിയത്. 

അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരേയും അവരുടെ മക്കളേയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതിൽ സുരക്ഷ ഏജൻസികൾക്ക് കടുത്ത എതിർപ്പുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാർ രാഷ്ട്രീയതീരുമാനം പ്രഖ്യാപിച്ചിട്ടില്ല. വിദേശകാര്യമന്ത്രാലയവും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.

അഫ്ഗാനിസ്ഥാൻ ഇവരെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറെന്ന് വ്യക്താക്കിയപ്പോൾ സുരക്ഷ ഏജൻസികളുടെ നിലപാട് സർക്കാർ തേടിയിരുന്നു. സംഘത്തിലെ എല്ലാവർക്കും ചാവേർ ആക്രമണത്തിന് പരിശീലനം  കിട്ടിയിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ സർക്കാരിനെ അറിയിച്ചത്. സ്വന്തം രാജ്യത്ത് ഐഎസിനായി പ്രവർത്തിക്കാനാണ് ഭീകരസംഘടനയുടെ നേതൃത്വം ഇവർക്ക് അവസാനം നിർദ്ദേശം നല്കിയതെന്നും ഏജൻസികൾ പറയുന്നു. ഇവരുടെ മടക്കം അതിനാൽ വലിയ ഭീഷണിയാകും എന്ന റിപ്പോ‍ർട്ടാണ് രഹസ്യാന്വേഷണ ഏജൻസികൾ നല്കിയത്. 

അതേസമയം മുൻ അംബാസിഡർ കെപി ഫാബിയാൻ അടക്കമുള്ളവർ ഇക്കാര്യത്തിൽ വിരുദ്ധ അഭിപ്രായമാണ് പറയുന്നത്. അഫ്ഗാൻ ജയിലിൽ കഴിയുന്നവരെ തിരികെ കൊണ്ടു വരാതിരിക്കാൻ ഒരു കാരണവുമില്ലെന്നാണ് ഫാബിയാൻ്റെ നിലപാട്. ഇവരെ മടക്കിക്കൊണ്ടുവരണമെന്നും നിയമനടപടികൾക്ക് വിധേയമാക്കി മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമം നടത്തണമെന്നും അവ‍ർ ഐ.എസിൽ ചേരാനിടയായ സാഹചര്യം എന്താണെന്ന് പഠിക്കണമെന്നുമുള്ള അഭിപ്രായം ചില മുൻ സുരക്ഷ ഉദ്യോഗസ്ഥർക്കുണ്ട്.

വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ പ്രതിപക്ഷപാർട്ടികളൊന്നും ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടില്ല. യുവതികളെ കൊണ്ടുവരുന്നതിനെ എതിർക്കുമെന്ന് ബിജെപി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരെയും മടക്കിക്കൊണ്ടു വരുന്ന വിഷയം കോടതിയിൽ എത്തിയാൽ നിയമപരമായി നേരിടാൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇവരെ തിരികെ കൊണ്ടുവരാൻ താത്പര്യപ്പെടുന്നില്ലെന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ അനൗദ്യോ​ഗികമായി ധരിപ്പിച്ചെന്നും റിപ്പോ‍ട്ടുകളുണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios