ബിന്ദു പത്മനാഭന്‍റെ കൊലപാതക കേസിൽ സെബാസ്റ്റ്യനെ പ്രതിചേർത്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം.
ആലപ്പുഴ: ചേർത്തലയിലെ ബിന്ദു പത്മനാഭന്‍റെ കൊലപാതക കേസിലും സെബാസ്റ്റ്യനെ കുരുക്കാൻ ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യനെ കേസിൽ പ്രതിചേർത്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം. സെബാസ്റ്റ്യനെ പ്രതിച്ചേർക്കാൻ അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് നൽകും. ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ കൊലപാതകക്കേസിൽ നിലവിൽ റിമാന്റിലാണ് ചേർത്തല പള്ളിപ്പുറം സ്വദേശി സി എം സെബാസ്റ്റ്യൻ.
അതേസമയം, ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനക്കേസുകളിൽ തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 2017 ൽ കേസ് രജിസ്റ്റർ ചെയ്തത് മുതൽ ചോദ്യം ചെയ്ത മുഴുവൻ പേരെയും വീണ്ടും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ നിന്ന് പുതിയതായി ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. ഇതോടെയാണ് പുതിയ നീക്കം. 2006 മുതൽ കാണാതായ ബിന്ദു പത്മനാഭൻ
കൊല്ലപ്പെട്ടതായി ചൂണ്ടികാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബിഎൻഎസ് 103 വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് കാണിച്ചാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതോടെയാണ് ബിന്ദു പത്മനാഭന്‍റെ തിരോധാനക്കേസ് കൊലപാതകക്കേസായി അന്വേഷിക്കുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി എം സെബാസ്റ്റ്യനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
ജൈനമ്മയുടെ കൊലപാതകക്കേസിൽ റിമാന്‍റിൽ കഴിയുന്ന സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കേസിൽ തുമ്പുണ്ടാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. കേസിന്റെ കാലപ്പഴക്കവും സെബാസ്റ്റ്യന്റെ നിസ്സഹകരണവുമാണ് കേസിൽ ഇപ്പോഴും വെല്ലുവിളി. അത് എങ്ങനെ മറികടക്കാൻ ആകുമെന്നാണ് അന്വേഷണം സംഘം ആലോചിക്കുന്നത്. ഏറ്റുമാന്നൂര്‍ സ്വദേശി ജെയ്‌നമ്മ കൊല്ലപ്പെട്ട കേസിൽ സെബാസ്റ്റ്യൻ കുരുങ്ങിയതോടെയാണ് ഇയാൾ സംശയ നിഴലിൽ ആയിരുന്ന മറ്റു കേസുകളിൽ അന്വേഷണം വീണ്ടും ഊർജിതമായത്.

