ബെംഗലൂരു: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിയെ ആദ്യ ദിവസം ചോദ്യം ചെയ്തത് 13 മണിക്കൂര്‍ . എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്‍റെ ഉറവിടം അടക്കം വിശദമായ വിവരങ്ങളാണ് ഇഡിക്ക് അറിയേണ്ടത്. ഇന്നത്തെ മാരത്തൺ ചോദ്യം ചെയ്യൽ നാളെയും തുടരുമെന്നാണ് വിവരം 

ഇന്നലെ ബിനീഷ് കോടിയേരിയുടെ മൊബൈൽ ഫോൺ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു,  കസ്റ്റഡിയിലെടുത്ത ഈ ഫോൺ വിശദമായി പരിശോധിക്കുന്നുണ്ട്. സമൂഹ മാധ്യമ അക്കൗണ്ടുകളും പരിശോധിക്കുമെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് തീരുമാനം .അതിനിടെ ബിനീഷിനെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ അഭിഭാഷകരെ ഇഡി ഉദ്യോഗസ്ഥര്‍ തിരിച്ച് അയച്ചിരുന്നു. അഭിഭാഷകര്‍ക്ക് ഒപ്പം ബിനീഷിന്റെ സഹോദരൻ ബിനോയ് കോടിയേരിയും കാണാൻ കാത്ത് നിന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിച്ചിട്ടില്ല. തിങ്കളാഴ്ച വീണ്ടും വരാനാണ് ഇഡി ഉദ്യോഗസ്ഥര്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടത്.