തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടേയും അറസ്റ്റിൽ ധാര്‍മ്മികമായ ഒരു പ്രതിസന്ധിയും സിപിഎമ്മോ സര്‍ക്കാറോ അനുഭവിക്കുന്നില്ലെന്ന് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് മുൻപും നിലപാട് എടുത്തിട്ടുണ്ട്. ഒറ്റപ്പെട്ട ചില വ്യക്തികൾക്ക് വന്ന പിശകിനെ പാര്‍ട്ടി പിശകായി കാണേണ്ടതില്ല. എല്ലാം ജനങ്ങൾക്ക് അറിയാം. അടിത്തറയുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും എ വിജയരാഘവൻ പ്രതികരിച്ചു. 

മകനെതിരായ കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനാണ് തെറ്റ് പറ്റിയതെങ്കിൽ അതിന് പാര്‍ട്ടി മറുപടി പറയണം. ബിനീഷിന്‍റെ അറസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമേ അല്ല. മകന്‍റെ ധാര്‍മ്മികത അച്ഛന്‍റെ തലയിൽ അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല. ബിനീഷ് കോടിയേരി സിപിഎം നേതാവല്ലെന്നും എ വിജയരാഘവൻ വിശദീകരിച്ചു. അന്വേഷണ ഏജൻസികളുടെ നടപടിയിൽ സിപിഎമ്മിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണ് എ വിജയരാഘവൻ പറയുന്നത്. 

ആരോപണങ്ങളെല്ലാം പ്രതിപക്ഷ പ്രചാരണമാണ്. ഇതൊന്നും സി പി എമ്മിൻ്റ പ്രതിച്ഛായയെ ബാധിക്കില്ല. ചെറിയ കുട്ടിയാണെങ്കിൽ ചെയ്യുന്ന കുറ്റത്തിന് ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ടാകും. ബിനീഷ് കോടിയേരി പ്രായപൂര്ത്തിയായ ആളാണ്. കേസും അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണെന്ന തോന്നൽ ഇപ്പോഴില്ല. അങ്ങനെ ഉണ്ടായാൽ ആ സമയം ഇടപെടും. സിപിഎമ്മിനോ മുന്നണിക്കോ സര്‍ക്കാരിനോ പ്രതിസന്ധിയില്ലെന്നും ഇടതു മുന്നണി കൺവീനര്‍ വിശദീകരിച്ചു.