തിരുവനന്തപുരം: ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും സൗഹൃദവുമാണ്. അനൂപ് ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്ന് അവിശ്വസനീയമായ വാര്‍ത്തയാണ്. തനിക്കുമാത്രമല്ല സുഹൃത്തുക്കൾക്കും ഇത് വലിയ അത്ഭുതം ഉണ്ടാക്കിയ കാര്യമാണ്. സുഹൃത്തുക്കൾക്ക് മാത്രമല്ല അനുപ് മുഹമ്മദിന്‍റെ അച്ഛനും അമ്മയും അടക്കം അടുത്ത ബന്ധുക്കൾക്കുപോലും ഈ വിവരം ഞെട്ടലാണെന്നും ബിനീഷ് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചാണ് അനൂപ് മുഹമ്മദിനെ പരിചയപ്പെടുന്നത്. 2013 മുതൽ തമ്മില്‍ ബന്ധമുണ്ട്. പല ബിസിനസുകളും നടത്തി സാമ്പത്തികമായി അങ്ങേയറ്റം തകര്‍ന്ന് നിൽക്കുന്ന അനൂപിനെയാണ് സുഹൃത്തുക്കൾക്ക് അറിയാവുന്നത്. പലപ്പോഴായി പണം കടം കൊടുത്ത് സഹായിച്ചിട്ടുണ്ട്. രണ്ട് തവണയായി മുന്ന് ലക്ഷം രൂപ വീതം ഒരിടയ്ക്ക് കൊടുത്തിരുന്നെന്നും ബിനിഷ് കോടിയേരി പറഞ്ഞു. പിന്നീടും പല തവണ പണം കൊടുക്കുകയും ചിലതെല്ലാം തിരിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. 

ലഹരി സംഘത്തിൽ പെട്ട് അറസ്റ്റിലായെന്ന വാര്‍ത്ത ഞെട്ടലാണ് ഉണ്ടാക്കിയത്. ഇത്തരം സംഘത്തിൽ എത്തിപ്പെട്ടതെങ്ങനെ എന്നോ അതിനുള്ള സാഹചര്യമോ സുഹൃത്തുക്കൾക്ക് അറിയില്ല. ലോക് ഡൗൺ സമയത്ത് പാര്‍ട്ടി സംഘടിപ്പിച്ചെന്ന ആരോപണം പൂര്‍ണമായും നിഷേധിക്കുന്നു. അതിന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ 2017 ലെ ചിത്രമാണെന്നും ബിനിഷ് കോടിയേരി വിശദീകരിച്ചു.

സ്വപ്ന അറസ്റ്റിലായ ദിവസം 26 തവണ ഫോണിൽ വിളിച്ചെന്ന് പറയുന്നത് തെറ്റാണ് . അത്രയധികം ഫോണുപയോഗിക്കുന്ന ആളല്ലെന്ന് മാത്രമല്ല വിളിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് സൗഹാര്‍ദപരമായ എന്തെങ്കിലും ചെറിയ സംഭാഷണം ആകാനെ വഴിയുള്ളു എന്നും ബിനിഷ് കോടിയേരി പറഞ്ഞു. 

അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നായിരുന്നു പികെ  ഫിറോസിന്‍റെ ആരോപണം. അതേസമയം ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദുമായുള്ള ചിത്രം 3 വർഷം മുമ്പുള്ളതെന്നു അബി വള്ളമറ്റം . അബിയുടെ ഫേസ്ബുക് പേജിലുള്ള ഈ ചിത്രമാണ് അനൂപ്  മുഹമ്മദ് ഷെയർ ചെയ്തത് . പഴയ ചിത്രം ലോക്‌ഡോൺ സമയത്തു പോസ്റ് ചെയ്തതാണ് . കുമരകത്തു നിന്നുള്ള ചിത്രമല്ലെന്നും അബി .