കേസ് നിയമപരമായി നേരിടുമെന്നും കോടതിയുടെ പരിഗണനയിലായതിനാല്‍ കേസിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി. 

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസ് നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി പറഞ്ഞു. 

നേരത്തെ, കേസില്‍ ബിനോയ്ക്ക് മുംബൈ ദിൻഡോഷി കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഒരുമാസക്കാലത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് കോടതി ബിനോയ്ക്ക് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവച്ച് ആള്‍ ജാമ്യവും നല്‍കിയാണ് ബിനോയ് ജാമ്യമെടുത്തത്. പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയാറാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതിയുടെ ഉത്തരവുണ്ട്.

മുംബൈയിലെ ഡാൻസ് ബാ‍‌ർ ജീവനക്കാരിയായ യുവതിയാണ് ബിനോയിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിവാഹവാഗ്‍ദാനം നൽകി 2009 മുതൽ 2018 വരെയുള്ള കാലയളവില്‍ ബിനോയ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസാണ് കേസെടുത്തിട്ടുള്ളത്.