മുകേഷിന്‍റെ രാജി; കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വം, ആനിരാജയെ തള്ളി ബിനോയ് വിശ്വം
സിപിഐയെയും സിപിഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ നോക്കണ്ട.തർക്കം എന്ന വ്യാമോഹം ആർക്കും വേണ്ട
ആലപ്പുഴ: മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ ആരോപണങ്ങളുടേയും കേസിന്‍റേയും പശ്ചാത്തലത്തില്‍ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിപിഐയ്ക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്. സിപിഐയെയും സിപിഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ നോക്കണ്ട. തർക്കം എന്ന വ്യാമോഹം ആർക്കും വേണ്ട. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ട. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുകേഷിന്‍റെ രാജിയെ കുറിച്ചുള്ള തർക്കങ്ങൾക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഐയിൽ കലാപക്കൊടി. ബിനോയ് വിശ്വത്തിനെതിരെ സംഘടിതമായ വിയോജിപ്പിനുള്ള തെളിവായിരുന്നു നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ. മുകേഷിന്‍റെ കാര്യത്തിൽ മയപ്പെടുത്തിയ പ്രതികരണമെന്ന മുന്നണി ധാരണയിൽ നിന്ന് പോലും ബിനോയ് വിശ്വത്തിന് ഇതോടെ പിൻവാങ്ങേണ്ടി വന്നു.
മുന്നണിയിലെ ഘടകക്ഷിയെന്ന നിലയിൽ അനൗദ്യോഗിക ധാരണയുടെ അടിസ്ഥാനത്തിൽ രാജിക്കാര്യത്തിൽ നിലപാട് പറഞ്ഞ ബിനോയ് വിശ്വത്തിനെ പരസ്യമായാണ് ആനി രാജയും പ്രകാശ് ബാബുവും തിരുത്തിയത്. മുകേഷ് പ്രശ്നം ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലും ബിനോയ് വിശ്വത്തിന്റെ നിലപാടിന് പിന്തുണ കിട്ടിയില്ല. നിര്‍ണ്ണായക വിഷയത്തിൽ സംസ്ഥാന സെക്രട്ടറി നിലപാട് പറയും മുൻപ് പതിവു തെറ്റിച്ച് പരസ്യ നിലപാടുമായി നേതാക്കൾ എത്തിയത് അടക്കം സാഹചര്യം വരും ദിവസങ്ങളിലും പാര്‍ട്ടിക്ക് അകത്തും പുറത്തും ചര്‍ച്ചയാകും. ബിനോയ് വിശ്വത്തിനെതിരായ പടപ്പുറപ്പാട് വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളിലും നിര്‍ണായകമാകും