Asianet News MalayalamAsianet News Malayalam

പക്ഷിപ്പനി; പരപ്പനങ്ങാടിയിൽ കോഴികളെയും വളർത്തുപക്ഷികളേയും കൊന്നൊടുക്കുന്നത് ഇന്ന് തുടങ്ങും

ഒരു കാരണവശാലും പക്ഷിപ്പനി ജാഗ്രത മേഖലകളില്‍ വളര്‍ത്തുന്ന കോഴികളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

Bird flu PRECAUTION BIRDS TO BE KILLED OF IN Parappanangadi
Author
Kozhikode, First Published Mar 14, 2020, 6:45 AM IST

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടിയിൽ കോഴികളെയും വളർത്തുപക്ഷികളേയും കൊന്നൊടുക്കുന്നത് ഇന്ന് തുടങ്ങും. പരപ്പനങ്ങാടി പാലത്തിങ്ങലിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള നാലായിരത്തോളം കോഴികളേയും വളര്‍ത്തു പക്ഷികളേയുമാണ് കൂട്ടത്തോടെ കൊന്നൊടുക്കുക. 

പാലത്തിങ്ങലിലെ ഒരു വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ഫാമിലെ കോഴികള്‍ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് റാപ്പിഡ് റെസ്പ്പോൺസ് ടീമുകളാണ് കോഴികളേയും പക്ഷികളേയും കൊന്ന് സംസ്ക്കരിക്കുന്നത്. 

മൂന്നുദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കാനാണ് ടീമിനോട് നിർദ്ദേശിച്ചിട്ടുള്ളത്. പ്രദേശത്തുനിന്നും കോഴികളേയും പക്ഷികളേയും മാറ്റുന്നത് തടയാൻ മോട്ടോര്‍വാഹന വകുപ്പും പൊലീസും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും പക്ഷിപ്പനി ജാഗ്രത മേഖലകളില്‍ വളര്‍ത്തുന്ന കോഴികളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ 16-ാം നമ്പര്‍ വാര്‍ഡിലെ ഒരു വീട്ടില്‍ വളര്‍ത്തുന്ന കോഴികളാണ് പക്ഷിപ്പനി ബാധിച്ച് ചത്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാംപിളുകളില്‍ രണ്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ ചുറ്റുവട്ടത്തെ മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാണ് കളക്ട്രേറ്റില്‍ ചേര്‍ന്ന അടിയന്തരയോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 15,16, 17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊല്ലാനാണ് തീരുമാനം. 

പക്ഷികളെ സുരക്ഷിതമായി കത്തിച്ചു കൊല്ലുന്നതിനായി ഇരുപത് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്രയും വാര്‍ഡുകളിലെ വീടുകളിലും ഫാമുകളിലും കടകളിലുമായി നാലായിരം കോഴികളെങ്കിലും ഉണ്ടാവും എന്നാണ് പ്രാഥമിക നിഗമനം.  പക്ഷിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ഏകോപിപ്പിക്കും. 

പ്രദേശവാസികള്‍ കോഴിയടക്കമുള്ള പക്ഷിയിറച്ചി കഴിക്കുന്നതിന് വിലക്കില്ലെന്നും എന്നാല്‍ കൃത്യമായി വേവിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറത്തും, കോഴിക്കോടും പക്ഷിപ്പനി ബാധിച്ച സാഹചര്യത്തില്‍  കടലുണ്ടിയിലേയും വള്ളിക്കുന്നിലേയും പക്ഷി സങ്കേതങ്ങളില്‍ ദേശാടന പക്ഷികള്‍ എത്തുന്നത് തടയുന്നതിനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios