Asianet News MalayalamAsianet News Malayalam

പക്ഷിപ്പനി ആശങ്ക: തിരുവനന്തപുരത്തും പാലക്കാടും പക്ഷികള്‍ കൂട്ടമായി ചത്ത നിലയില്‍

പാളയത്തെ എംഎല്‍എ ഹോസ്റ്റല്‍ കോംപൗണ്ടിലും പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. 

bird flu tension rised after Birds found dead in trivandrum and palakkad
Author
Palakkad, First Published Mar 11, 2020, 4:13 PM IST

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാടും തിരുവനന്തപുരത്തും പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം ആശങ്ക പടര്‍ത്തുന്നു. കോഴിക്കോട് നഗരത്തിലും കൊടിയത്തൂര്‍ പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിക്കുകയും തുടര്‍ന്ന് 12,000 ത്തിലേറെ പക്ഷികളെ കൊന്നു കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ സ്ഥലങ്ങളില്‍ പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. 

ഇന്ന് രാവിലെയാണ് പാലക്കാട് തോലന്നൂരിൽ താറാവ് കുഞ്ഞുങ്ങളെ  കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നും എത്തിച്ച താറാവ് കുഞ്ഞുങ്ങളാണ് ചത്തത്.  മൃഗസംരക്ഷണ വകുപ്പ് അധികൃതർ സാമ്പിളുകൾ ശേഖരിച്ചു.  

തോലന്നൂരിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീറ്റയ്ക്കായി തുറന്ന് വിട്ട അറുപതോളം താറാവ് കുഞ്ഞുങ്ങളാണ് ചത്തത്.  രണ്ടാഴ്ച മുൻപ്  തമിഴ്നാട്ടിൽ നിന്നും  എത്തിച്ചവ ആണിത്. നാട്ടുകാരാണ് സംഭവം പഞ്ചായത്തിൻ്റെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നത്. 

തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം വന്നതിന് ശേഷമേ പക്ഷിപ്പനിയാണോ എന്നത് സ്ഥിരീകരിക്കാനാവൂവെന്ന് അധികൃതർ പറഞ്ഞു. അമിതമായ ചൂട്  കാരണവും  അപകടം സംഭവിയ്ക്കാമെന്ന് അധികൃതർ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം കുഞ്ഞുങ്ങൾക്ക്  പ്രതിരോധ വാക്സിൻ നൽകിയിരുന്നതായി താറാവുകളെ എത്തിച്ച തമിഴ്നാട് സ്വദേശി നാഗൻ പറഞ്ഞു.  ആറായിരം താറാവ് കുഞ്ഞുങ്ങളെയാണ് തോലന്നൂരിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിട്ടുള്ളത്. 

ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം നഗരത്തില്‍ പലയിടത്തായി പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. നഗരത്തിലെ മൂന്നിടങ്ങളില്‍ കാക്കകള്‍ അടക്കമുള്ള ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ചത്തപക്ഷികളുടെ സാംപിളുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച് പാലോട് സ്റ്റേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് അനിമൽ ഡിസീസിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനഫലം നാളെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോടെ പാളയത്തെ എംഎല്‍എ ഹോസ്റ്റല്‍ കോംപൗണ്ടിലും പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios