വയനാട്: ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയിൽ നിന്നും ഞെട്ടിപ്പിക്കുന്ന ആകാശ ദൃശ്യങ്ങൾ. ഒരുമല മുഴുവൻ ഇടിഞ്ഞു താഴ്ന്ന് കുത്തിയൊഴുകിയ നിലയിലാണ് പ്രദേശമിപ്പോൾ. ഒന്നര കിലോമീറ്ററോളമാണ് മലവെള്ളപ്പാച്ചിലിൽ നാമാവശേഷമായത്. രണ്ടു ദിവസമായി പുറത്തറിഞ്ഞതിലും എത്രയോ വലിയ ദുരന്തമാണ് പുത്തുമലയിൽ ഉണ്ടായതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ഒരാൾക്കും ഇതുവരെ എത്തിപ്പെടാനാകാത്ത സ്ഥലങ്ങൾ പോലുമുണ്ട്  ഇപ്പോഴും പുത്തുമലയിലെ ദുരന്ത ഭൂമിയിൽ.

പുത്തുമല ദുരന്തഭൂമിയിൽ നിന്നുള്ള ആകാശ ദൃശ്യം: 

ആറ് മണിയോടെ നാൽപ്പതംഗ ഫയര്‍ഫോഴ്സ് സംഘം പുത്തുമലയിൽ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഝാര്‍ഖണ്ഡ് സ്വദേശികളായ പതിനാല് പേര്‍ മണ്ണിനടിയിൽ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നതായി ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു. അടിഞ്ഞുകൂടിയ മണ്ണ ് ശ്രദ്ധയോടെ മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പാലവും വഴിയുമെല്ലാം ഒഴുകിപ്പോയതിനാൽ വലിയ മണ്ണുമാന്തിയന്ത്രങ്ങൾ അടക്കം രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങൾ എത്തിക്കാനും കഴിയാത്ത അവസ്ഥയാണ്. 

കഴിഞ്ഞ ദിവസം എട്ട് മൃതദേഹങ്ങൾ കണ്ടെടുത്ത പുത്തുമലയിൽ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് കുറുകെ വടം കെട്ടിയാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. 

തുടര്‍ന്ന് വായിക്കാം: മൃതദേഹങ്ങൾ കൊണ്ടുവന്നത് മലവെള്ളപ്പാച്ചിലിന് കുറുകെ വടം കെട്ടി; പുത്തുമലയിൽ തെരച്ചിൽ തുടങ്ങി

സൈന്യം ഉച്ചയോടെ പുത്തുമലയിലെത്തുമെന്നാണ് കരുതുന്നത്. നിരവധിപേരാണ് ഇപ്പോഴും അവിടവിടെയായി അകപ്പെട്ട് പോയിട്ടുള്ളതെന്നാണ് കരുതുന്നത്. സമീപത്തെ ചൂരൽമലയിൽ നിന്ന് അടക്കം ആളുകളെ ക്യാമ്പുകളിലേക്ക് ഒഴിപ്പിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും ഇല്ലാതായിട്ടും ദിവസങ്ങളായി. ഇനിയും ഏറെ ആളുകൾ ദുരന്തസാധ്യതാ മേഖലയിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് 

തുടര്‍ന്ന് വായിക്കാം: വയനാട്ടില്‍ കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; ജില്ലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിച്ചു