Asianet News MalayalamAsianet News Malayalam

കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും അച്ഛന്‍റെ പേര് ബിനോയ്, തെളിവുകൾ പുറത്ത്

രേഖകളെല്ലാം ബിനോയിക്ക് എതിരാണ്. പാസ്പോർട്ടിനും ബാങ്ക് രേഖകൾക്കും പിന്നാലെ കുട്ടിയുടെ ജനനരേഖയും പുറത്ത് വന്നതിൽ അച്ഛന്‍റെ പേര് 'Mr. ബിനോയ് വി. ബാലകൃഷ്ണൻ' എന്ന് തന്നെയാണുള്ളത്. 

birth certificate of the kid shows fathers name is binoy
Author
Mumbai, First Published Jun 24, 2019, 11:01 AM IST

മുംബൈ: പാസ്പോർട്ടിനും ബാങ്ക് രേഖകൾക്കും പുറമേ ബിഹാർ സ്വദേശിയായ യുവതിയുടെ കുഞ്ഞിന്‍റെ അച്ഛൻ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റാണ് ബിഹാർ സ്വദേശിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റർ മുംബൈ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ജനനസർട്ടിഫിക്കറ്റിൽ കുട്ടിയുടെ അച്ഛന്‍റെ പേര് 'Mr. ബിനോയ് വി. ബാലകൃഷ്ണൻ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇതോടെ രേഖകളെല്ലാം ബിനോയ് കോടിയേരിക്ക് എതിരായി തിരിയുകയാണ്. ഇന്ന് മുംബൈയിലെ ദിൻദോഷി സെഷൻസ് കോടതി ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബിനോയിക്കെതിരായ പുതിയ രേഖകൾ പുറത്തു വരുന്നത്. 

യുവതിയുടേത് പണം തട്ടാനുള്ള ശ്രമമാണെന്നും കുഞ്ഞ് തന്‍റേതല്ലെന്നുമുള്ള നിലപാടിൽ ബിനോയ് കോടിയേരി ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ യുവതി നൽകിയ പാസ്പോർട്ടിലെ വിവരങ്ങളും നിർണായകമായേക്കാം. ഇതിന്‍റെ പകർപ്പ് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു. 

ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദവും പരാതിക്കാരി തള്ളിയിരുന്നു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. 

എന്നാൽ കോടിയേരി ബാലകൃഷ്ണൻ തലസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് തനിക്കൊരു വിവരങ്ങളും അറിയില്ലായിരുന്നെന്നാണ്. കേസ് വന്ന ശേഷമാണ് മകനെതിരെ ഇത്തരം ഒരു പരാതിയുണ്ടെന്ന് തന്നെ അറിഞ്ഞത്. അതുവരെ ഇതേക്കുറിച്ച് ഒരു ധാരണയും തനിക്കില്ലായിരുന്നെന്നും ഇതൊക്കെ വ്യക്തിപരമായ കാര്യമാണെന്നും കോടിയേരി പറഞ്ഞു. മകനെ സംരക്ഷിക്കാൻ താനോ പാർട്ടിയോ ശ്രമിക്കില്ലെന്നും ഇത് അവനവൻ തന്നെ അനുഭവിക്കേണ്ടതാണെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേർന്ന അവെയ്‍ലബിൾ പിബിയിൽ മകനെ തള്ളിപ്പറയാൻ കോടിയേരിക്ക് കൃത്യമായ നിർദേശം കിട്ടിയിരുന്നു. ഇതേത്തുടർന്നായിരുന്നു കോടിയേരിയുടെ വാർത്താ സമ്മേളനം.

എന്നാൽ യുവതിയുടെ അഭിഭാഷകനും മലയാളിയുമായ കെ പി ശ്രീജിത്ത് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത് എല്ലാ വിവരങ്ങളും കോടിയേരിക്ക് അറിയാമായിരുന്നു എന്നാണ്. എല്ലാ കാര്യങ്ങളും ഇതിന്‍റെ നിയമവശവും കോടിയേരിയെ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ കോടിയേരി വിശ്വസിച്ചത് മകനെയാണെന്നും കെ പി ശ്രീജിത്ത് ആരോപിച്ചു. 

Read More: 'എല്ലാം കോടിയേരിക്ക് നേരത്തേ അറിയാം'; ബിനോയ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

 

Follow Us:
Download App:
  • android
  • ios