കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബിഷപ്പ് തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചെന്നൈ: അനധികൃത മണൽ കടത്ത് കേസിൽ (Illegal Sand Mining Case) ജാമ്യം (Bail) ലഭിച്ച മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് (Bishop Samuel Mar Irenius) ആശുപത്രി വിട്ടു. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബിഷപ്പ് തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കേസില്‍ ബിഷപ്പിനും പ്രതികളായ മറ്റ് വൈദികര്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജാമ്യം അനുവദിച്ചത്.
ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെയാണ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷത്തിലേറെ പഴക്കമുള്ള കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു. നാൽപ്പത് വർഷത്തിലേറെയായി സഭയുടെ ഉടമസ്ഥതയിൽ 300 ഏക്കർ സ്ഥലം അംബാസമുദ്രത്തുണ്ട്. ഈ സ്ഥലം കോട്ടയം സ്വദേശി മാനുവൽ ജോർജ് എന്നയാൾക്ക് പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ ക്രഷർ യൂണിറ്റിനും കരിമണൽ ഖനനത്തിനും അനുമതി നേടിയ മാനുവൽ ജോർജ് താമരഭരണി നദിയിൽ നിന്ന് 27,774 ക്യുബിക് മീറ്റർ മണൽ കടത്തിയെന്ന് സബ് കളക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തിന്‍റെ ഉടമകൾക്ക് 9.57 കോടി രൂപ ചുമത്തുകയും ചെയ്തു. എന്നാൽ ലോക്കൽ പൊലീസിന്‍റെ അന്വേഷണം പാതിയിൽ നിലച്ചു.
നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും പരാതിയെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ചോദ്യം ചെയ്യാൻ തിരുനെൽവേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭൂമിയുടെ യഥാർത്ഥ ഉടമകളെന്ന നിലയിലായിരുന്നു നടപടി. ഭൂമി പാട്ടത്തിനെടുത്തയാളാണ് നിയമ വിരുദ്ധ ഖനനത്തിന് പിന്നിലെന്ന് മലങ്കര സഭ പത്തനംതിട്ട രൂപത വാർത്താക്കുറപ്പിലൂടെ അറിയിച്ചു.
അതിനിടെ തമിഴ്നാട്ടിലെ മണൽ ഖനനവും കടത്തും വൈദികരുടെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന പുതിയ തെളിവുകൾ പുറത്തുവന്നിരുന്നു. പാട്ടത്തിന് നൽകിയ ഭൂമിയിൽ നിന്ന് മണ്ണെടുക്കാനും വിൽക്കാനും പാട്ടക്കാരനുമായി ധാരണാപത്രം വൈദികര്‍ ഒപ്പിട്ടു. ഓരോ ലോഡ് മണ്ണിനും 2000 മുതൽ 2500 രൂപ വരെ സഭക്കുള്ള വിഹിതം നൽകണമെന്ന കരാറും ഒപ്പിട്ടു. ഇതിന്റെ തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
സംഭവത്തിൽ പത്തനംതിട്ട ബിഷപ്പിൻ്റെ അറസ്റ്റിന് ശേഷം ഇക്കാര്യങ്ങൾ സഭ മറച്ചു വയ്ക്കുകയായിരുന്നു. ഭൂമി നൽകിയത് കൃഷി ആവശ്യത്തിനെന്നായിരുന്നു സഭാ വിശദീകരണം. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാക്കുന്ന, മാനുവൽ ജോർജുമായി സഭ ഒപ്പിട്ട കരാർ രേഖയാണ് ഇപ്പോൾ പുറത്ത് വന്നത്. കരാർ ഒപ്പിട്ടത് 2019 ആഗസ്റ്റിൽ ആണ്.
