ആഭ്യന്തര വകുപ്പ് പരാജയമാണ്. പാലക്കാടുണ്ടായത് ആലപ്പുഴയുടെ ആവര്‍ത്തനമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവിന്‍റെ (rss leader) കൊലപാതകത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ബിജെപി (bjp). വേണ്ട മുന്‍കരുതല്‍ ഉണ്ടായില്ലെന്നും പൊലീസിന് വീഴ്ച്ചയുണ്ടായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (k surendran) പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു. കൊലപാതക പരമ്പര ആഭ്യന്തര വകുപ്പിന്‍റെ പരാജയം കാരണമാണ്. കൊലചെയ്യപ്പെട്ടത് നിരപരാധിയായ പ്രവര്‍ത്തകന്‍. പാലക്കാടുണ്ടായത് ആലപ്പുഴയുടെ ആവര്‍ത്തനമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഇന്നലെ കൊല്ലപ്പെട്ട സംഭവത്തില്‍ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് പങ്കില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എന്ത് കൊണ്ട് സംസ്ഥാനം ആവശ്യപ്പെടുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

YouTube video player

ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) ഇന്ന് പാലക്കാട് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയുടെ ഉള്ളില്‍ കയറിയാണ് മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിയത്. 

അതേസമയം പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് അറിയിച്ചു. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കും. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.