കുമ്മനം രാജശേഖരനും ജേക്കബ് തോമസും അടങ്ങിയ അച്ചടക്ക സമിതി ആരോപണവിധേയരായ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. അതേസമയം ഫണ്ട് തട്ടിപ്പില്ലെന്നും ഇന്നലെ കോർ കമ്മിറ്റിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷൻ്റെ വിശദീകരണം.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് പരസ്യമായി നിഷേധിക്കുമ്പോഴും രഹസ്യമായി അന്വേഷണം ശക്തമാക്കി ബിജെപി. കുമ്മനം രാജശേഖരനും ജേക്കബ് തോമസും അടങ്ങിയ അച്ചടക്ക സമിതി ആരോപണവിധേയരായ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. അതേസമയം ഫണ്ട് തട്ടിപ്പില്ലെന്നും ഇന്നലെ കോർ കമ്മിറ്റിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷൻ്റെ വിശദീകരണം.
പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലായിരുന്നു മൊഴിയെടുക്കൽ. ഫണ്ട് തട്ടിപ്പിൻ്റെ പേരിൽ പാർട്ടി ചുമതലയിൽ നിന്ന് മാറ്റപ്പെട്ട സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്ത് അടക്കമുള്ളവരിൽ നിന്നാണ് മൊഴിയെടുത്തത്. അഞ്ജനയുടെ പേരിലുള്ള ശബ്ദരേഖകളടക്കം പുറത്തുവന്നിരുന്നു. പരാതി നൽകിയവരുടെ മൊഴി കൂടി രേഖപ്പെടുത്തും. അതേസമയം വ്യാജ ആരോപണങ്ങൾക്കെതിരെ അഞ്ജന അടക്കം നൽകിയ പരാതിയിലാണ് മൊഴിയെടുക്കലെന്ന് നേതൃത്വം അനൗദ്യോഗികമായി സൂചിപ്പിക്കുന്നു.
ഔദ്യോഗികമായി ബിജെപി പാർട്ടി പഴയ നിലപാടിൽ തന്നെയാണ്. ഒരു തട്ടിപ്പും ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ചാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പ് ഇറക്കിയത്. കഴിഞ്ഞ ദിവസം കോർ കമ്മിറ്റിയിൽ വി മുരളീധരൻ തട്ടിപ്പിൽ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ് സുരേഷിനെ മാറ്റണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ വാർത്ത തള്ളുന്ന രാജീവ് ചന്ദ്രശേഖർ പാർട്ടിക്ക് സുരേഷിൽ പൂർണ്ണ വിശ്വാസമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ആരോപണ വിധേയർക്ക് സുരേഷുമായും വൈസ് പ്രസിഡന്‍റ് കെ സോമനുമായും അടുത്ത ബന്ധമുണ്ടെന്നാണ് എതിർചേരിയുടെ ആക്ഷേപം.



