മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വി ഡി സതീശൻ രംഗത്ത്. ഗ്യാനേഷ് കുമാർ ബിജെപി ഏജൻ്റായി പ്രവർത്തിച്ച് ജനാധിപത്യം അട്ടിമറിച്ചെന്നും അദ്ദേഹം സ്ഥാനത്ത് തുടരരുതെന്നും സതീശൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരളം ചീഫ് സെക്രട്ടറി ജിജി തോംസന്‍റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഗ്യാനേഷ് കുമാർ ബിജെപി ഏജന്‍റായി പ്രവർത്തിച്ചു എന്നതിന് ഇനിയും തെളിവുകൾ വേണ്ട. ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്‍റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ ബിജെപിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും.
രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യനേഷ് കുമാർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ശുദ്ധിയെ പറ്റി ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനെ സംഘ പരിവാറിന്‍റെ തൊഴുത്തിൽ കെട്ടിയ ക്രിമിനൽ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയർന്ന ജനാധിപത്യ ബോധം ഇവയെല്ലാം ഗ്യാനേഷ് കുമാർ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമായി. ബിജെപിയുമായി പരസ്പര സഹകരണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ അധ:പതിപ്പിച്ച ഗ്യാനേഷ് കുമാർ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.


