ഗുണ്ടാ നേതാവിനും സംഘത്തിനും ബിജെപിയില്‍ അംഗത്വം, വിവാദം; മണിക്കൂറുകൾക്കകം നിലപാട് തിരുത്തി തടിയൂരി
ആർപ്പുക്കരയിലെ പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലോട്ടി ജെയ്‌സ്മോന് പാർട്ടി അംഗത്വം നൽകിയത്. സംഭവം നാണക്കേടായതോടെ ജില്ലാ നേതൃത്വം ഇടപെട്ട് അംഗത്വം റദ്ദാക്കി.

കോട്ടയം: ഗുണ്ടാ നേതാവിനും സംഘത്തിനും പാർട്ടി അംഗത്വം നൽകിയതിനെ ചൊല്ലി കോട്ടയം ബിജെപിയിൽ വിവാദം. ആർപ്പുക്കരയിലെ പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലോട്ടി ജെയ്‌സ്മോന് പാർട്ടി അംഗത്വം നൽകിയത്. സംഭവം നാണക്കേടായതോടെ ജില്ലാ നേതൃത്വം ഇടപെട്ട് അംഗത്വം റദ്ദാക്കി.
ബിജെപി ഏറ്റുമാനൂർ നിയോജക മണ്ഡലം വിസ്തൃത പ്രവാസം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഗുണ്ടാ സംഘത്തിന്റെ പാർട്ടി പ്രവേശനം. കൊലപാതകവും കഞ്ചാവ് കച്ചവടവും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പൂക്കര സ്വദേശി അലോട്ടിയെന്ന് വിളിക്കുന്ന ജെയ്സ്മോന് പാർട്ടി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു നേരിട്ടാണ് അംഗത്വം നൽകിയത്. ക്രിമിനൽ കേസുകളിൽ പ്രതികളായ സൂര്യദത്ത്, വിഷ്ണുദത്ത് എന്നിവർക്കും കിട്ടി അലോട്ടിക്കൊപ്പം ദേശീയ പാർട്ടിയിലെ അംഗത്വം.
സംഭവം നാണക്കേടായതോടെയാണ് മണിക്കൂറുകൾക്കകം പാർട്ടി നിലപാട് തിരുത്തിയത്. വിവാദ അംഗത്വ വിതരണം അറിഞ്ഞിരുന്നില്ലെന്നാണ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ വിശദീകരണം. പഴി ആർപ്പൂക്കരയിലെ പ്രാദേശിക നേതൃത്വത്തിന് മേൽ ചാരി തടിയൂരുകയാണ് നേതാക്കൾ.