കേരളത്തിൽ ബിജെപി മാത്രമാണ് മതേതര പാർട്ടിയെന്നും മറ്റുള്ളവർ പൊളിറ്റിക്കൽ ഇസ്ലാമുകളാണെന്നും ഷോൺ ജോർജ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. 

കോട്ടയം: കേരളത്തിൽ ഒരു മതേതര പാർട്ടിയെ ഉള്ളൂ അത് ബിജെപിയാണെന്നും ഷോൺ ജോർജ്. മറ്റുള്ള പാർട്ടികൾ എല്ലാം പൊളിറ്റിക്കൽ ഇസ്ലാമുകളാണ്. ബിജെപി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാൻ പോകും. ഓണത്തിന് ചിപ്സും കൊണ്ടുപോകും. റംസാനും ആഘോഷിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാർട്ടിയാണെന്നും എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മറ്റ് പാർട്ടികൾ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

തൃശ്ശൂരിൽ കോൺഗ്രസും സിപിഐയും ഉയർത്തിയ കള്ളവോട്ട് ആരോപണം ഷോൺ നിഷേധിച്ചു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി ജയിച്ച അന്ന് മുതൽ സിപിഎമ്മും കോൺഗ്രസും ഇത്തരം ആരോപണങ്ങൾ തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര സംവിധാനമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തുകയാണെന്നും ഷോൺ തുറന്നടിച്ചു.

കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിനുവേണ്ടി കുഴൽ ഊത്ത് നടത്തുന്നത് ഡിവൈഎഫ്ഐയും സിപിഎമ്മും. തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് എതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണ്. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശം ബിജെപി ഗൗരവമായി കാണുന്നുണ്ട്. യാഥാർത്ഥ്യങ്ങളെ തുറന്നുകാണിക്കാൻ മതമേലധ്യക്ഷൻമാർക്ക് അവകാശമുണ്ട്. ഡിവൈഎഫ്ഐ ഇപ്പോൾ നടത്തുന്ന പരാമർശങ്ങളും പ്രതികരണങ്ങളും ബിജെപി കൈയും കെട്ടി നോക്കി നിൽക്കില്ല. ഡിവൈഎഫ്ഐ ആരുടെ കുഴലൂത്തുകാരാകുന്നുവെന്ന് കേരളം തിരിച്ചറിയും.

പാംപ്ലാനിക്കെതിരെ ഡിവൈഎഫ്ഐ

തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. പാംപ്ലാനി പിതാവിന് നിയോ മുളളറുടെ അവസ്ഥ വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഹിറ്റ്ലറുടെ ആദ്യ കാല ചെയ്തികളെ അനൂകൂലിച്ച പാസ്റ്ററായ നിയോ മുളളർക്ക് പിന്നീട് ജയിലിൽ കിടക്കേണ്ടി വന്നു. ഏതാണ്ട് അഞ്ചുവര്‍ഷക്കാലം നിയോ മുള്ളറെന്ന പാസ്റ്റര്‍ക്ക് ജയിലിൽ കിടക്കേണ്ടിവന്നു. അപ്പോഴാണ് നിയോ മുള്ളര്‍ക്ക് ബോധോദയം ഉണ്ടായത്. അതുവരെ ഹിറ്റ്ലര്‍ നല്ലവനായിരുന്നു. ഏതാണ്ട് പാംപ്ലാനി പിതാവിനും നിയോ മുള്ളറുടെ അവസ്ഥ വരും. ചില പിതാക്കൻമാരിപ്പോൾ ആർ എസ് എസിനായി കുഴലൂത്തു നടത്തുകയാണ്. അരമനയിലേക്ക് കേക്കുമായി എത്തുന്ന ആർ എസ് എസുകാരെ സ്വീകരിക്കുകയാണ്. പരസ്പരം പരവതാനി വിരിച്ച് ആശ്ലേഷിക്കുകയാണെന്നും ആരെയാണ് ഇവര്‍ പൊട്ടന്മാരാക്കുന്നതെന്നും വികെ സനോജ് വിമര്‍ശിച്ചു.