കോഴിക്കോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമ സഭാ സ്പീക്കർ എന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയും കരുതലും അ​ദ്ദേഹം പാലിച്ചില്ല. സ്വർണ കടത്തുകാരെ സഹായിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞാൽ പൊതു ജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയാൻ സ്പീക്കർ തയ്യാറാണോ എന്നും സുരേന്ദ്രൻ ചോദിച്ചു.

സ്പീക്കർക്ക് കേസുമായി ബന്ധം ഉണ്ട് എന്നതിന് തെളിവ് ഉണ്ട്.സി പി എം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലിൽ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിത്. 

സി എം രവീന്ദ്രൻ്റെ കര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം ചെയ്യണം. ആരോഗ്യവകുപ്പിൻ്റെ ഒത്താശ കൊണ്ടാണ് സിഎം രവീന്ദ്രനെതിരായ അന്വേഷണം വൈകിക്കുന്നത്. സർക്കാരിൻ്റെ അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉണ്ട്  എന്നാണ് പോളിംഗ് ശതമാനം കാണിക്കുന്നത്. നിലവിലെ സാഹചര്യം ബി ജെ പി ക്ക് അനുകൂലമാണെന്നും സുരേന്ദ്രൻ പറഞ്ഞു.