കോഴിക്കോട്: സ്വർണ കള്ളക്കടത്ത് അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും സർക്കാർ ഏജൻസികളും ശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. രഹസ്യമായി അന്വേഷണത്തെ അട്ടിമറിക്കുകയാണ് സർക്കാർ. സിസിടിവി ദൃശ്യങ്ങളുടെ പേരിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

എൻഐഎ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണത്തിനായി എത്തുന്നത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ സെക്രട്ടറിയെ രണ്ട് മണിക്കൂർ ചോദ്യം ചേയ്യേണ്ടി വന്നു. ഇതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. കള്ളക്കടത്തുമായി ബന്ധമുള്ള ആളുകൾ സെക്രട്ടേറിയറ്റിൽ കയറി നിരങ്ങി. സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളിലും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എത്തിയിട്ടുണ്ട്. 

സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച് കളയാൻ സാധ്യതയുണ്ടെന്ന് തങ്ങൾ മുമ്പ് തന്നെ പറഞ്ഞിരുന്നു. ജൂലായ് 5, 6 തിയ്യതികളിൽ സെക്രട്ടേറിയറ്റിൽ ഇതിനുള്ള ശ്രമം നടന്നു. സിസിടിവി നന്നാക്കാൻ അനുമതി നേടി ഗവർണർക്കെഴുതിയ കത്ത് സർക്കാർ ബോധപൂർവ്വം മുൻകൂർ സൃഷ്ടിച്ചു. ഒരു അറ്റകുറ്റപ്പണിയും എടുക്കേണ്ട സാഹചര്യം സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്നില്ല. നേരത്തെ കസ്റ്റംസ് ചോദിച്ചപ്പോൾ സിസിടിവി ദൃശ്യങ്ങൾ കൊടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. 

ജുലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെട്ടത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിക്ക് എൻഐഎ ഇന്നലെ കത്ത് നൽകിയിരുന്നു. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും കൈമാറണമെന്ന് അറിയിച്ചാണ് എൻഐഎ കത്ത് നൽകിയത്. 

പൊതുഭരണത്തിലെ ഹൗസ് കീപ്പിംഗിന്‍റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയത്. സെക്രട്ടേറിയറ്റിലെ സിസിടിവികൾക്ക്  ഇടിമിന്നലിൽ കേട് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പത്ത് മാസം വരെയുള്ള ദൃശ്യങ്ങൾ ശേഖരിക്കാനാകുമെന്നും ചീഫ് സെക്രട്ടറിയു‍ടെ ഓഫീസിന് സമീപമുള്ള സിസിടിവികൾക്കാണ് കേട് സംഭവിച്ചതെന്നും അത് പരിഹരിച്ചുവെന്നും ഉദ്യോഗസ്ഥർ മറുപടി നൽകിയിട്ടുണ്ട്.

Read Also: ഉമ്മൻചാണ്ടിയുടെ കാലത്തെ സിസിടിവി അല്ല; സെക്രട്ടേറിയറ്റിൽ ദൃശ്യങ്ങളെല്ലാം കൃത്യമെന്ന് എകെ ബാലൻ...

"