പേരിൽ മാത്രമാണ് കരുണ ഉള്ളതെന്നും ബാക്കി എല്ലാം തട്ടിപ്പ് ആണെന്നും എല്ലാം അഴിമതി നടത്താൻ ഉള്ള വഴികളാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ കടുത്ത ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കരുണ പാലിയേറ്റീവ് കെയർ മന്ത്രി സജി ചെറിയാന്‍റെ പൊയ്മുഖമാണെന്ന് പറഞ്ഞ സുരേന്ദ്രൻ കരുണയ്ക്ക് പിന്നിൽ വൻ കമ്പനിയാണെന്നും ഒരു സ്വത്തും സജി ചെറിയാൻ വിട്ടു കൊടുക്കില്ലെന്നും അഭിപ്രായപ്പെട്ടു. കരുണക്ക് കിട്ടുന്നത് മുഴുവൻ സജി ചെറിയാനും സംഘവും കൊള്ള അടിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. പേരിൽ മാത്രമാണ് കരുണ ഉള്ളതെന്നും ബാക്കി എല്ലാം തട്ടിപ്പ് ആണെന്നും എല്ലാം അഴിമതി നടത്താൻ ഉള്ള വഴികളാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. സജി ചെറിയാൻ ജനങ്ങളോട് കള്ളം പറയുകയാണ്, 32 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞു, എന്നൽ അത് കളവ് ആണെന്ന് പിന്നിട് തെളിഞ്ഞെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. ചെങ്ങന്നൂർ മുളക്കുഴയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്യവേയാണ് സുരേന്ദ്രൻ മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ഡെപ്യൂട്ടേഷനിലാണ്, മറക്കരുത്; കെ റെയിൽ എംഡിക്ക് സുരേന്ദ്രന്‍റെ മുന്നറിയിപ്പ്, 'റവന്യൂ മന്ത്രിക്ക് വെളിവില്ല'

അതേസമയം പരിപാടിക്കിടെ കെ റെയിൽ എംഡിക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുന്നറിയിപ്പും നൽകി. റയിൽവേയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാൽ തിരിച്ചു വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. കേരളത്തിലെ റവന്യൂ മന്ത്രി കെ രാജന് വെളിവില്ലെന്ന പരാമ‍ർശവും ചെങ്ങന്നൂർ മുളക്കുഴയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്രക്കിടെ സുരേന്ദ്രൻ നടത്തി.

തൊഴിലാളി യൂണിയനുകൾ നടത്തിയ രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനെയും ബിജെപി അധ്യക്ഷൻ വിമർശിച്ചു. മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയെന്ന് പറയും പോലെയാണ് രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ശമ്പളം വാങ്ങി പണിമുടക്കുന്ന എൻജിഒ യൂണിയനിലുള്ളവർ നാണം ഇല്ലത്തവരാണെന്നും വിമർശിച്ചു.

'ശമ്പളം എഴുതിയെടുത്തിട്ട് സമരം'; ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് സുരേന്ദ്രന്‍

അതേസമയം ദേശീയ പണിമുടക്ക് കേരളത്തിൽ രണ്ടാം ദിവസവും ശക്തമായി തുടരുകയാണ്. പൊതു​ഗതാ​ഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകൾ തുറന്നില്ല. ‌എറണാകുളത്തും കോഴിക്കോടും തുറന്ന കടകൾ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകൾ അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതൽ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും തടഞ്ഞു. വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളികളെ തടഞ്ഞു. ഡയസ്നോൺ പ്രഖ്യാപനം സർവ്വീസ് സംഘടനകൾ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നാണ് സർക്കാർ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. 

കെഎസ്ആ‌ടിസി ഇന്നും സ‌ർവ്വീസ് നടത്തിയില്ല. തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളിൽ ജീവനക്കാരെ തടഞ്ഞു. എന്നാൽ കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല. എറണാകുളം കളക്ട്രേറ്റ് വിജനമാണ്. വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫീസുകൾ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കളക്ട്രേടിൽ ജീവനക്കാർ ഇല്ല. ഇൻഫർമേഷൻ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവ‌ർത്തിക്കുന്നത്. ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞതിനെ തുട‌ന്ന് തിരുവനന്തപുരം പേട്ടയിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട് സമരക്കാരെ മാറ്റി. കോഴിക്കോട് രാമനാട്ടുകരയിൽ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികൾ പ്രതിഷേധം നടത്തി. കൊല്ലം ഹൈസ്കൂൾ ജം​ഗ്ഷനിൽ സ്വകാര്യ ബസ് സിഐടി‌യു പ്രവർത്തകർ തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ടു.