ദില്ലി: അതിർത്തിയിൽ ചൈനയോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഇന്നത്തെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരള ഘടകം സംഘടിപ്പിച്ച വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഇടത് വലത് മുന്നണികൾ തകർക്കുകയാണ്. രണ്ട് മുന്നണികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സംസ്ഥാനത്ത് കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പദ്ധതികളായി പേര് മാറ്റി നടപ്പിലാക്കുകയാണ്. കേരളത്തിലെ മുന്നണികളിലുള്ള വിശ്വാസം ജനത്തിന് നഷ്ടപ്പെട്ടു. ബിജെപി ബദലായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഉത്തരവാദിത്തമില്ലാതെയാണ് പ്രവർത്തിക്കുന്നത്. സ്വന്തം കാര്യം ആദ്യം, രാജ്യം രണ്ടാമതെന്ന രീതിയിലാണ് കോൺഗ്രസ്‌ പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ കോൺഗ്രസ് വിമർശിക്കുന്നു. പെട്രോൾ വില കുറയ്ക്കണമെന്നാണ് സോണിയ ഗാന്ധി ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയിലും പഞ്ചാബിലും പോണ്ടിച്ചേരിയിലും കോൺഗ്രസ് സർക്കാരുകൾ നികുതി വർധിപ്പിച്ചു. 

പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ജാതീയമായി പീഡനമേറ്റ്, ഇവിടെ അഭയാർത്ഥികളായി വന്നവർക്ക് പൗരത്വം നൽകും. പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ട് പോകും. കൊവിഡ് രോഗികളുടെ എണ്ണം തുടക്കത്തിൽ രണ്ട് ദിവസം കൊണ്ടാണ് ഇരട്ടിയായതെങ്കിൽ ഇപ്പോൾ 14 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നത്. കൊവിഡ് വിഷയത്തിൽ ആറ് തവണ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. എല്ലാ മുഖ്യമന്ത്രിമാരെയും ഒരുമിച്ച് നിർത്തി മുന്നോട്ട് പോയി. 130 കോടി ജനങ്ങളും ജനതാ കർഫ്യുവിലും ദീപം തെളിയിക്കലിലും ഭാഗമായി.

ആരോഗ്യമേഖലയിൽ മാത്രമല്ല സാമ്പത്തിക രംഗത്തെ വളർച്ചക്കും പ്രധാനമന്ത്രി പ്രത്യേക തീരുമാനങ്ങളെടുത്തുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു. ആത്മനിർഭർ ഭാരതിലെ എല്ലാ നിർദ്ദേശങ്ങളും പ്രതിസന്ധിയെ അവസരമാക്കാനുള്ളതാണ്. പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകാൻ കേരളത്തിന് വലിയ സാധ്യതകളാണ് ഉള്ളത്. വന്ദേ ഭാരത് ദൗത്യം വഴി വിദേശത്ത് നിന്ന് 45000 പേരെ കേരളത്തിലേക്ക് കൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഇത് 52000 എന്ന് തിരുത്തി. അതിഥി തൊഴിലാളികളുടെ പ്രശ്നം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ നഡ്ഡ, അവർക്ക് ഭക്ഷണം എത്തിച്ചെങ്കിലും വീടുകളിലേക്കുള്ള ഒഴുക്ക് അപ്രതീക്ഷിതമായിരുന്നുവെന്നും പറഞ്ഞു. അവർക്ക് വേണ്ടി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയെന്നും നഡ്ഡ പറഞ്ഞു.