രാഹുൽ ഗാന്ധിക്കെതിരെ ചാനൽ ചര്‍ച്ചക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് വിഡി സതീശൻ. സിപിഎം-ബിജെപി ബാന്ധവത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും വിഡി സതീശൻ.

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ ചാനൽ ചര്‍ച്ചക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇത്രയും ഗൗരവമായ സംഭവം ഉണ്ടായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്കരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ. ബിജെപി -സിപിഎം കൂട്ടുക്കെട്ടിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലും സര്‍ക്കാര്‍ തയ്യാറല്ല. രാഹുൽ ഗാന്ധിയെ ജീവൻ നൽകിയും സംരക്ഷിക്കും. കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. 

തൃശൂര്‍ പൂരം കലക്കാൻ പോലും മുഖ്യമന്ത്രി ഒത്താശ ചെയ്തു. പൂരം കലക്കാൻ കൂട്ടുനിന്ന എഡിജിപിക്കെതിരെ ഡിജിപി റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ബിജെപിയെ ഭയന്നാണ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത്.കേരളത്തിലെ സിപിഎമ്മിന്‍റെയും ബിജെപിയുടെയും അവിശുദ്ധ ബാന്ധവത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണിത്. സര്‍ക്കാരിന്‍റെ തെറ്റായ നയത്തിനെതിരെയും സംരക്ഷിക്കുന്ന ബിജെപി നേതാക്കള്‍ക്കെതിരെയും ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോവും. ഇത്രയും ഗൗരവമായ സംഭവം ഉണ്ടായിട്ടും അതിൽ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് ബിജെപിയുമായുള്ള ബന്ധമുള്ളതിനാലാണ്. രാഹുൽ ഗാന്ധിക്കെതിരായ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ ഇന്നലെയാണ് പേരാമംഗലം പൊലീസ് കേസെടുത്തത്. കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചർച്ചയ്ക്കിടെ പ്രിന്റു പറഞ്ഞത്.

രണ്ടു ദിവസം മുമ്പ് പരാതി നൽകിയിട്ടും കേസ് എടുക്കാൻ വൈകി

രണ്ടു ദിവസം മുമ്പ് പരാതി നൽകിയിട്ടും ഇന്നലെയാണ് കേസെടുത്തതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ബിജെപി നേതാവിന്‍റെ ഭീഷണിയെ തള്ളിപറയാൻ സംസ്‌ഥാന സർക്കാർ തയ്യാറാവുന്നില്ല. പൗരാവകാശ സംരക്ഷനായ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി ഉയർന്നിട്ടും സർക്കാർ നടപടിക്ക് തയ്യാറാകുന്നില്ല. എല്ലാ അടിയന്തര പ്രമേയവും ചർച്ച ചെയ്യുന്ന സർക്കാർ എന്തുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും സണ്ണി ജോസഫ് ചോദിച്ചു.

YouTube video player