പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യു ഡി എഫ് സർക്കാരിനെതിരെ ചോദ്യങ്ങളുമായി കാന്തപുരം സമസ്ത വിഭാഗം രംഗത്ത്. പ്രതിപക്ഷത്തിരുന്നപ്പോൾ നൽകിയ വാഗ്ദാനം സർക്കാർ പാലിക്കണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു
കോഴിക്കോട്: പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിനെതിരെ പരസ്യ പ്രതികരണവുമായി കാന്തപുരം സമസ്ത വിഭാഗം രംഗത്ത്. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതി മതേതര വിശ്വാസികൾക്ക് വലിയ രീതിയിൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ കരാർ കേരളത്തിൽ നടപ്പിലാക്കില്ലെന്നായിരുന്നു യു ഡി എഫ് വ്യക്തമാക്കിയിരുന്നത്. യു ഡി എഫിന് വോട്ട് ലഭിക്കാൻ ഈ നിലപാടും ഒരു കാരണമായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധികാരത്തിലേറിയപ്പോൾ വാക്ക് മാറ്റുന്ന നിലപാടിലേക്ക് പോകരുതെന്നും യു ഡി എഫ് പഴയ നിലപാടിലേക്ക് തന്നെ തിരിച്ചുവരണമെന്നും ആ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റഹ്മത്തുള്ള സഖാഫി കൂട്ടിച്ചേർത്തു.
ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത വി സിമാർക്കെതിരെ നടപടി വേണം
അതേസമയം ആര്‍ എസ് എസ് പരിപാടിയില്‍ കേരളത്തിലെ വി സിമാര്‍ പങ്കെടുത്തത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലതാണെന്നും സമസ്ത അഭിപ്രായപ്പെട്ടു. വി സിമാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി നടപടി സ്വീകരിക്കണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു. സെനറ്റ് അംഗങ്ങളുടെ നിയമനം, പി എം ശ്രീ പദ്ധതി എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സമസ്ത നേതാക്കള്‍ കോഴിക്കോട് ആവശ്യപ്പെട്ടു.
