പ്രതികരണത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെയും ശിവരാജൻ അധിക്ഷേപിച്ചു. ശിവൻകുട്ടിയല്ല ശവൻകുട്ടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം
പാലക്കാട്: ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരികരിക്കുകയായിരുന്നു ശിവരാജൻ. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു.
സിപിഎം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയന്നും കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ശിവരാജൻ പറഞ്ഞു. പ്രതികരണത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെയും ശിവരാജൻ അധിക്ഷേപിച്ചു. ശിവൻകുട്ടിയല്ല ശവൻകുട്ടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.
പാലക്കാട് കോട്ടമൈതാനത്താണ് ബിജെപിയുടെ പുഷ്പാര്‍ച്ചനയും പ്രതിഷേധ പരിപാടിയും നടന്നത്. കാവി കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിലാണ് പുഷ്പാര്‍ച്ചന നടന്നത്. ബിജെപി മുൻ ദേശീയ കൗണ്‍സിൽ അംഗവും ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗൺസിലറുമാണ് എൻ ശിവരാജൻ.അതേസമയം ദേശീയപതാക മാറ്റണമെന്ന ബിജെപി നേതാവ് എൻ ശിവരാജന്‍റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
ദേശീയ പതാകയെ അപമാനിച്ച ബി.ജെ.പി നേതാവിനെതിരെരാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
അതേസമയം, ദേശീയപതാക മാറ്റണമെന്ന എൻ ശിവരാജന്‍റെ അഭിപ്രായത്തെകുറിച്ചുള്ള ചോദ്യങ്ങൾ നിന്ന് മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരൻ ഒഴിഞ്ഞുമാറി.
പരാതി നൽകി കോൺഗ്രസ്
പതാക വിവാദത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് കോൺഗ്രസ് പരാതി നൽകി. ദേശീയ പതാകയെ അപമാനിച്ചതിനും പതാക മാറ്റി കാവിക്കൊടിയാക്കണമെന്ന് പറഞ്ഞതിനും രാജ്യദ്രോഹക്കുറ്റത്തിന്‍റെ വിവിധ വകുപ്പുകൾ ചുമത്തണമെന്നാണ് പരാതി. കോണ്‍ഗ്രസ് പാലക്കാട് ജില്ലാ നേതൃത്വമാണ് പരാതി നൽകിയത്.



