തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടിനെ പിൻപറ്റി ഉയർന്ന വിവാദത്തിലാണ് മുതിർന്ന ബിജെപി നേതാവിന്റെ പ്രതികരണം. കേരളത്തിലെ യുഡിഎഫ്-എൽഡിഎഫ് സർക്കാരുകൾ ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലൗ ജിഹാദുമായി ബന്ധപ്പെട്ട്, കേന്ദ്ര സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടാലും സംസ്ഥാന സർക്കാർ വേണ്ട നിലയിലുള്ള റിപ്പോർട്ട് നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സിറോ മലബാർ സഭയുടെ ആരോപണം സത്യമാണ്. ശക്തമായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

അതിനിടെ, ലൗ ജിഹാദ് കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും, യാഥാർത്ഥ്യമാണെന്നും ആവർത്തിച്ച് കാത്തലിക് ഫെഡറേഷൻ രംഗത്തെത്തി. ലൗ ജിഹാദ് ഇല്ലെന്ന് വരുത്തി തീർക്കാൻ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ സഭ പരാതികളുന്നയിച്ചത്. അത് തെറ്റെന്ന് പറയാൻ ആർക്കും സാധിക്കില്ലെന്നാണ് കാത്തലിക് ഫെഡറേഷൻ പറയുന്നത്. 

ഇന്ത്യൻ പീനൽ കോഡിൽ ലൗ ജിഹാദ് എന്ന വാക്കില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്ന് കാത്തലിക് ഫെഡറേഷൻ ദേശീയ പ്രസിഡന്‍റ് പി പി ജോസഫ് പറഞ്ഞു. എന്നാൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി, രേഖാമൂലം ബെന്നി ബെഹനാൻ എംപിക്ക് മറുപടി നൽകിയിരിക്കുന്നത്.

കേരളത്തിൽ ലൗ ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നുവെന്ന അതീവ ഗുരുതരമായ ആരോപണമാണ് സിറോ മലബാർ സഭാ സിനഡ് ഉന്നയിച്ചത്. കേരളത്തിൽ സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് വളര്‍ന്നുവരുന്നുവെന്നും ഇത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി.

"കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തിൽ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേര്‍ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്."

"ഔദ്യോഗിക കണക്കുകളിൽപെടാത്ത അനേകം പെൺകുട്ടികൾ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകര പ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ലൗ ജിഹാദ് സാങ്കൽപ്പികമല്ലെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് പീ‍ഡനത്തിന് ഇരയാക്കുകയും പീഡന ദൃശ്യങ്ങളുപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതായ പരാതികൾ കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിൽ പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നത് ദു:ഖകരമാണ്'', എന്നും സിനഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.