സൈബര്‍ ഗുണ്ടകളെയും എകെ ബാലനെയും എംഎം മണിയെയുമാണ് ഗവർണറെ അധിക്ഷേപിക്കാൻ സിപിഎം രംഗത്തിറക്കിയിരിക്കുന്നതെന്നും മുരളീധരൻ 

തിരുവനന്തപുരം: കേരളത്തിൽ ഗവർണർ (Governor)-സർക്കാർ-പ്രതിപക്ഷ പരസ്യ പോര് കൂടുതൽ രൂക്ഷമാകുന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഗവർണർ ഒരു പോലെ വിമർശിക്കുമ്പോൾ, ഗവർണർക്ക് ബിജെപി (BJP) ചായ്വ് കൂടുന്നുവെന്ന വിമർശനമാണ് ഭരണ- പ്രതിപക്ഷങ്ങൾ കടുപ്പിക്കുന്നത്. അതേ സമയം ഗവർണർക്ക് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തുണ്ട്. 

കേരളത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഗവര്‍ണറെ അധിക്ഷേപിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. സൈബര്‍ ഗുണ്ടകളെയും എകെ ബാലനെയും എംഎം മണിയെയുമാണ് ഇതിനായി സിപിഎം രംഗത്തിറക്കിയിരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തുന്നു. ഗവര്‍ണറെ ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് വിമര്‍ശനം നടത്താത്തതെന്നും വി മുരളീധരന്‍ ചോദിക്കുന്നു.

ഗവർണറെ ആക്രമിക്കുന്നത് സിപിഎം സ്ഥിരം കലാപരിപാടിയാക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും കുറ്റപ്പെടുത്തി. ഗവർണർ നയപ്രഖ്യാപനമെന്ന ഭരണഘടനാ ബാധ്യതയാണ് നിർവഹിച്ചത്. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രിയാണ് പരാജയം സമ്മതിച്ചതെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സർക്കാറിനെ വിമർശിക്കാതെ ഗവർണർക്കെതിരെ മാത്രം നീങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. 

'മൂന്നാറിൽ പോയ ചെലവ് ആരും ചോദിക്കുന്നില്ലല്ലോ'; ​ഗവർണക്കെതിരെ കാനം

അഞ്ച് പാർട്ടികളിൽ ഭിക്ഷാംദേഹിയായി അലഞ്ഞ ഗവർണറുടെ ഉപദേശം എനിക്ക് വേണ്ട', സതീശൻ

അതേ സമയം, നയപ്രഖ്യാപനം വായിച്ച് അനുനയത്തിലെത്തിയെന്ന സൂചന നൽകിയ ഗവർണർ സർക്കാറിനെതിരെ വീണ്ടും പുതിയ പോർമുഖം തുറക്കുകയാണ്. ഒത്ത് തീർക്കാൻ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ ക്ഷുഭിതനായി ഉന്നയിച്ച മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് പ്രശ്നം പരസ്യമായി ഗവർണർ ആരിഫ് മുഹമ്മ് ഖാൻ ആവർത്തിച്ചു. തന്നെ വിമർശിച്ച് കത്തെഴുതിയ പൊതുഭരണ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി കെആർ ജ്യോതിലാലിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവർണർ വിശദീകരിക്കുന്നു. സെക്രട്ടറിക്ക് മാത്രം അങ്ങനെ എഴുതാൻ കഴിയില്ലെന്നാണ് ഗവർണർ പറയുന്നത്. ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഗവർണർ പരിഹസിക്കുന്നത്. 

YouTube video player

സർക്കാർ രാജ്ഭവനെ നിയന്ത്രിക്കണ്ട, ബാലൻ ബാലിശമായി പെരുമാറരുത്', ആഞ്ഞടിച്ച് ഗവർണർ

എന്നാൽ പ്രതിപക്ഷനേതാവ് എങ്ങനെ പ്രവർത്തിക്കണമെന്നതിൽ അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞാണ് വി ഡി സതീശൻ തിരിച്ചടിച്ചത്. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമെന്നും അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പരിഹസിച്ചു.