തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാർ നീക്കത്തിനെതിരെ ബിജെപി കേന്ദ്ര സ‍ർക്കാരിനെ സമീപിച്ചു. വിമാനത്താവള നടത്തിപ്പിനുള്ള പ്രത്യേക കമ്പനിയായ ടിയാല്‍ രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമം സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കിയതിന് പിന്നാലെയാണ് ബിജെപി പ്രതിനിധി സംഘം ദില്ലിയിലെത്തി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് നിവേദനം നല്‍കിയത്.

സുരേഷ് ഗോപി എംപി, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസി‍ഡണ്ട് സുരേഷ് എന്നിവർ ചേർന്നാണ് ഹര്‍ദീപ് സിംഗ് പുരിയെ സന്ദർശിച്ചത്. വിമാനത്താവള വികസനം അട്ടിമറിക്കാനാണ് സര്‍ക്കാരിന്‍റെ പിന്തുണയോടെ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്നതെന്ന് സംഘം മന്ത്രിയെ അറിയിച്ചു. അതേസമയം, കേന്ദ്ര സര്‍ക്കാരിന്‍റെ നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഹര്‍ദീപ് സിംഗ് പുരി ഉറപ്പ് നല്‍കിയതായി ബിജെപി അവകാശപ്പെട്ടു.

വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ടെണ്ടറില്‍ സർക്കാരും കെഎസ്ഐഡിസിയും ചേർന്നുള്ള കൺസോർഷ്യമാണ് പങ്കെടുത്തത്. ലേലത്തിൽ അദാനി ഗ്രൂപ്പാണ് ഒന്നാമതെത്തിയത്. എന്നാൽ സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രത്തിന് ഇതുവരെ അദാനി ​ഗ്രൂപ്പിമായി പാട്ടക്കരാർ ഒപ്പിടാനായിട്ടില്ല.‌ അതേസമയം, ടെണ്ടറില്‍ രണ്ടാമതെത്തിയ ടിയാലിന് നടത്തിപ്പ് ഉറപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം.

വിമാനത്താവള നടത്തിപ്പിനുള്ള ടെണ്ടറില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കെടുത്തിരുന്നുവെങ്കിലും ടിയാല്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതേത്തുർന്ന് ടിയാൽ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കെഎസ്ഐഡിസിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിരുന്നു. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള കരാര്‍ നടപടിക്രമങ്ങളുടെ കാലവധി ജൂലൈ 31-ന് അവസാനിക്കും. എന്നാൽ മൂന്നുമാസം വരെ കാലാവധി നീട്ടാന്‍ സാധിക്കും. ഈ മാസം അവസാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയിലെത്തി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി ചര്‍ച്ച നടത്തും.

അതേസമയം, വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ ആർക്ക് നൽകണമെന്ന വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ഏറ്റവും കൂടുതൽ ലേല തുക നൽകുന്നവർക്ക് തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിന് കൊടുക്കുക എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെ നയം എന്ന് വി മുരളീധരൻ വ്യക്തമാക്കി. അക്കാര്യത്തിൽ അദാനിയെന്നോ പിണറായി എന്നോ നോക്കില്ല. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രിയെ കാണുന്നുണ്ട് എന്നാണ് അറിഞ്ഞത്. ചർച്ച നടക്കട്ടെ എന്നും അദ്ദേഹം ആലുവയിൽ പറഞ്ഞു.