രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്‍റു മഹാദേവിനെതിരെ കേസെടുത്ത സംഭവത്തില്‍ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്.

തൃശൂര്‍: രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്‍റു മഹാദേവിനെതിരെ കേസെടുത്ത സംഭവത്തില്‍ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കേസിന്‍റെ ഭാഗമായി ബിജെപി തൃശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡുകളിൽ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നത്. ‘പ്രിന്റു മാഷിനെ വിട്ടുതരില്ല, സംരക്ഷിക്കും’ എന്ന് മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. മാര്‍ച്ചിനിടെ ബാരിക്കേഡുകൾ മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു.

നിലവില്‍ സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്‍റു മഹാദേവനെ തിരയുകയാണ് പൊലീസ്. പ്രിന്‍റുവിനെ തിരഞ്ഞ് ബിജെപി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നതിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. പെരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചർച്ചയ്ക്കിടെ പ്രിന്റു പറഞ്ഞത്.