വീണ്ടും അക്കൗണ്ട് തുറന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ബിജെപി. എഫ്സിആർഎ വിവാദം തിരിച്ചടിച്ചെന്നും ക്രിസ്ത്യൻ സ്വാധീന മണ്ഡലങ്ങളിൽ തോൽവിക്ക് കാരണമായെന്നും സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: സീറ്റെണ്ണം മൂന്നിരട്ടിയാക്കി വീണ്ടും അക്കൗണ്ട് തുറന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ബിജെപി. എഫ്സിആർഎ വിവാദം തിരിച്ചടിച്ചെന്നും ക്രിസ്ത്യൻ സ്വാധീന മണ്ഡലങ്ങളിൽ തോൽവിക്ക് കാരണമായെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരീക്ഷണം വിജയിച്ചില്ലെങ്കിലും ട്വന്‍റി 20യുമായുളള സഖ്യം തുടരാനാണ് തീരുമാനം.

പൂജ്യത്തിൽ നിന്ന് മൂന്നിലേക്ക് എത്തിനിൽക്കുകയാണ് ബിജെപി അം​ഗങ്ങൾ. നിയമസഭയിൽ സംസ്ഥാന അധ്യക്ഷനുമുൾപ്പെടെ ബിജെപിക്ക് മൂന്നംഗങ്ങളായി. ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം ലഭിച്ചു. നിയുക്ത എംഎൽഎമാർക്ക് മാരാർജിഭവനിൽ സ്വീകരണം നൽകി. എന്നാൽ പൂട്ടിപ്പോയ അക്കൗണ്ട് തുറന്നെങ്കിലും തൃപ്തരല്ല ബിജെപി. പാർട്ടിക്കും മുന്നണിക്കും വോട്ട് വിഹിതം കൂട്ടാനായില്ല. എ ക്ലാസ് മണ്ഡലങ്ങളിൽ പോലും പ്രകടനം മെച്ചപ്പെട്ടില്ല. സിപിഎമ്മിനോടുളള എതിർപ്പ് വോട്ടായതും ന്യൂനപക്ഷ ഏകീകരണവും യുഡിഎഫിന് ഗുണമായെന്നാണ് ബിജെപി വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കാലത്തെ എഫ്സിആർഎ ബിൽ വിവാദം ദോഷം ചെയ്തെന്ന് സമ്മതിക്കുകയാണ് സംസ്ഥാന അധ്യക്ഷൻ. വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡീൽ ആരോപണങ്ങളും ക്രിസ്ത്യൻ വോട്ട് കിട്ടാതിരിക്കാൻ കാരണമായി. ട്വന്‍റി 20യെ ഒപ്പം കൂട്ടിയും ബിജെപിക്ക് മേൽക്കൈയുളള സീറ്റുകൾ നൽകിയുമുളള പരീക്ഷണം ഫലം കണ്ടില്ല. എന്നാൽ സഖ്യം അവസാനിപ്പിക്കാനില്ല. സഖ്യം ക്ഷീണമല്ലെന്ന് ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബും പ്രതികരിച്ചു. വോട്ട് കുറഞ്ഞതിൽ വിശദ പരിശോധനയിലേക്ക് ബിജെപി വരും ദിവസങ്ങളിൽ കടക്കും.

YouTube video player