ആമസോൺ കാടുകളിൽ തീപിടിച്ചാൽ തേഞ്ഞിപ്പാലം സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്ന ഡി വൈ എഫ് ഐ എവിടെ ?
തിരുവനന്തപുരം : കത്ത് വിവാദത്തിൽ ഗവർണറുടെ ഇടപെടൽ തേടി ബിജെപി. 35 ബിജെപി കൗൺസിലർമാർ നാളെ ഗവർണറെ കാണും. ഭരണ സമിതി പിരിച്ചു വിടണമെന്നും മേയറുടെ മൗനം അഴിമതിയ്ക്ക് തെളിവെന്നും ബിജെപി നേതാവ് വി വി രാജേഷ് ആരോപിച്ചു. മുമ്പും കത്ത് കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മുൻ മേയറുടെ പ്രതികരണം എന്നും വിവി രാജേഷ് ആരോപിച്ചു. മേയർ ഒളിച്ച് നടക്കുകയാണ്. സ്വജന പക്ഷപാതം വ്യക്തമായിക്കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കുത്തഴിഞ്ഞ നിലയിലാണെന്നും രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കത്ത് മേയർ ഒപ്പിട്ടതു തന്നെയാണ്. കോഴപ്പണം വാങ്ങി കോർപ്പറേഷനിൽ എന്തും നടത്തുകയാണ്. മേയറെ പാവയാക്കി സിപിഎം പ്ലേയിംഗ് ക്യാപ്റ്റൻ കളിക്കുകയാണെന്നും പാർട്ടി സെക്രട്ടറിയും ഡി വൈ എഫ് ഐ നേതൃത്വവും പ്രതികരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. ആമസോൺ കാടുകളിൽ തീപിടിച്ചാൽ തേഞ്ഞിപ്പാലം സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്ന ഡി വൈ എഫ് ഐ എവിടെയെന്നും 10,000 - 30,000 രൂപ ശമ്പളം വാങ്ങി 2000 പാർട്ടി പ്രവർത്തകർക്ക് ജോലി നൽകിയിട്ടുണ്ടെന്നും വി വി രാജേഷ് പ്രതികരിച്ചു.
അതേസമയം വിവാദമായ നിയമന കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു. പാർട്ടിക്കാണ് ആര്യാ രാജേന്ദ്രൻ വിശദീകരണം നൽകിയത്. വ്യാജമായ കത്തിനെതിരെ നിയമ നടപടി എടുക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. പാർട്ടി നിർദേശത്തോടെ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലിസിൽ പരാതി നൽകും. സിറ്റി പൊലീസ് കമ്മിഷണർക്കോ മ്യൂസിയം പൊലീസിലോ ആണ് പരാതി നൽകുക. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകിയേക്കും. അതിനിടെ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
Read More : കത്ത് വിവാദം: അടിയന്തര യോഗം വിളിച്ച് സിപിഎം, നടപടിക്ക് സാധ്യത; മേയർ രാജി വയ്ക്കേണ്ടതില്ലെന്ന് ആനാവൂർ നാഗപ്പൻ

