തിരുവനന്തപുരം: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും. പാർട്ടി കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും വെവ്വേറെ കത്തയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നീക്കം.

ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും കൈകൊർത്ത് സുരേന്ദ്രനെതിരെ പടയൊരുക്കം നടത്തുകയാണ്. കേന്ദ്ര നേതൃത്വത്തിന് ഇരുപക്ഷവും വെവ്വേറെ നൽകിയ കത്തുകൾ സുരേന്ദ്രനെതിരായ കുറ്റപത്രം തന്നെയാണ്. 2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിൻറെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിൻറെയും വിമർശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാർട്ടിക്കുണ്ടായത് കനത്തതോൽവിയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതീക്ഷിച്ച നേട്ടത്തിൻറെ അടുത്തുപോലും എത്തിയില്ല. എല്ലാം സുരേന്ദ്രൻ ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആക്ഷേപം. 

തെര‍ഞ്ഞെടുപ്പ് സമിതിയും കോർകമ്മിറ്റിയും ചേർന്നില്ല. ശോഭാ സുരേന്ദ്രൻ, പിഎം വേലായുധൻ, കെപിശ്രീശൻ തുടങ്ങിയ മുതിർന്ന നേതാക്കളെ പരിഗണിക്കുന്നതേയില്ല എന്നതാണ് ശോഭാ വിഭാഗത്തിൻറെ കത്തിലെ കുറ്റപ്പെടുത്തൽ. അതേ സമയം കോൺഗ്രസ് വിട്ടുവന്ന നേതാക്കൾക്ക് വാരിക്കോരി സ്ഥാനമാനങ്ങൾ നൽകി. സുരേന്ദ്രന്റഎ നേതൃത്വത്തിൽ മുന്നോട്ട് പോയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ നിലയിൽ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് സംസ്ഥാനതലത്തിലെ പുന:സംഘടന കൃഷ്ണദാസ് പക്ഷവും ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ച പരാതികൾ തീർക്കണമെന്ന് ആർഎസ്എസ് നേതാക്കൾ ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ല എന്ന പരാതിയും ശോഭക്കുണ്ട്. 

ടിഎൻ ഈശ്വർ, സുദർശനൻ. ഗോപാലൻകുട്ടി മാസ്റ്റർ എന്നിവരായിരുന്നു് പരാതിതീർക്കുമെന്ന് ശോഭക്ക് ഉറപ്പ് നൽകിയത്. പ്രശ്നം തീർക്കുമെന്ന് കേരളത്തിനരെ ചുമതലയുള്ള സിപി രാധാകൃഷ്ണൻ ഇടപെട്ട് ഉണ്ടാക്കിയ ഉറപ്പും സംസ്ഥാന നേതൃത്വം കണക്കിലെടുത്തില്ല എന്ന പരാതിയും ശോഭ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രൻ വിഭാഗം കേന്ദ്രത്തിന് സുരേന്ദ്രനെതിരെ കത്ത് നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം മെച്ചപ്പെട്ടതാണെന്ന് ജെപി നദ്ദ പരസ്യമായി പറ‍ഞ്ഞെങ്കിലും ഫലത്തിൽ കേന്ദ്രം പൂർണ്ണതൃപ്തരല്ല,. സംസ്ഥാന പ്രസിഡണ്ടിനെതിരെ ഉയരുന്ന വിമർശനങ്ങളെ പൂർണ്ണമായും അവഗണിക്കാനും കേന്ദ്രത്തിന് കഴിയില്ല. ആർഎസ്എസ്സും അതൃപ്തരാണ്. നാളെ ബിജെപി നേതൃത്വവുമായി നടത്തുന്ന ചർച്ചയിൽ ആർഎസ്എസ് ഇത് ഉന്നയിക്കും.