തിരുവനന്തപുരം: ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിക്ക് മുമ്പില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ നേതാവിന് പോലും എല്‍ഡിഎഫ് ഭരണത്തിനു കീഴില്‍ രക്ഷയില്ലെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. 

'സിപിഐ ജില്ലാ സെക്രട്ടറി ജീവൻ രക്ഷപ്പെടുത്താനായി നിലവിളിക്കുന്നു,ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറി' എന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്. ബുധനാഴ്ച രാത്രിയാണ് പി രാജുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിക്ക് മുമ്പില്‍ തടഞ്ഞത്. കൊച്ചി വൈപ്പിനിൽ സർക്കാർ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ കാണാൻ രാജു ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. രാജുവിന്റെ വാഹനം ബൈക്ക് ഉപയോഗിച്ച് തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രശ്നം പരിഹരിക്കാൻ പോലീസ് ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.