കേരള പൊലീസിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ 13 പുതിയ പൊലീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്യും. യാത്രക്കാരുടെ സുരക്ഷയ്ക്കായി തയ്യാറാക്കിയ 'റെയില്‍ മൈത്രി' എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കും. 

തിരുവനന്തപുരം: കേരള പൊലീസിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ ജില്ലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊലീസ് മന്ദിരങ്ങള്‍, പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍, കേരള റെയില്‍വേ പൊലീസിന്‍റെ "റെയില്‍ മൈത്രി" എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ , തിരുവനന്തപരം കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ശിലാസ്ഥാപനം എന്നിവ 2026 ജനുവരി 24 (ശനിയാഴ്ച്ച) രാവിലെ 11 മണിക്ക് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

വിവിധ ജില്ലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 13 പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പത്ത് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് അദ്ദേഹം നിര്‍വ്വഹിക്കുന്നത്. കൂടാതെ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരള റെയില്‍വേ പൊലീസ് തയ്യാറാക്കിയ "റെയില്‍ മൈത്രി" എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.

പൊതുവിദ്യാഭ്യാസം & തൊഴില്‍ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.ശശി തരൂര്‍ എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ വി.വി രാജേഷ്, കൗണ്‍സിലര്‍ ജി.വേണുഗോപാല്‍, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.