സാബു എം ജേക്കബ് ട്വന്‍റി 20 പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്നും ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി അതിന്‍റെ ഫലം ബിജെപിക്ക് വിറ്റുവെന്നും രാജിവെച്ച് കോണ്‍ഗ്രസിൽ ചേര്‍ന്ന പ്രവര്‍ത്തകര്‍. ട്വന്‍റി 20 വെറും റിക്രൂട്ട്മെന്‍റ് ഏജന്‍സിയായെന്നും ആരോപണം.
കൊച്ചി: സാബു എം ജേക്കബിനെതിരെ ആരോപണവുമായി ട്വന്‍റി 20യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവർ. എൻഡിഎയിൽ ചേര്‍ന്നുകൊണ്ട് സാബു എം ജേക്കബ് ട്വന്‍റി 20 പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്നും ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി അതിന്‍റെ ഫലം ബിജെപിക്ക് വിറ്റുവെന്നും ട്വന്‍റി 20യിൽ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിൽ ചേരാൻ തീരുമാനിച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രവര്‍ത്തകര്‍ സാബു എം ജേക്കബിനെതിരെ രംഗത്തെത്തിയത്. യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് സാബു എം ജേക്കബ് എൻഡിയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ട്വന്‍റി 20 പാര്‍ട്ടി റിക്രൂട്ടിങ് ഏജന്‍സിയായി മാറിയെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റസീന പരീദ്, ഐക്കരനാട് പഞ്ചായത്ത് മുൻ അഗം ജീൻ മാവേലി, ട്വന്‍റി20 മഴുവന്നൂര്‍ പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍ രെഞ്ചു പുളിഞ്ചോടൻ എന്നിവരാണ് രാജിവെച്ച് കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്.
ആനുകൂല്യങ്ങൾ നൽകാൻ ലോയൽറ്റി കാർഡ് നൽകുമെന്ന് പറഞ്ഞ് സാബു എം ജേക്കബ് സര്‍വേ നടത്തി. സർവേ പേപ്പറിൽ ജാതി, മതം എന്നിവ ഉൾപ്പെടുത്തി. ഏതെങ്കിലും പാർട്ടിയിൽ ലയിക്കേണ്ടി വന്നാൽ ട്വന്‍റി 20 പിരിച്ചു വിടുമെന്നാണ് സാബു നേരത്തെ പറഞ്ഞത്. സർവേ നടത്തിയെന്നല്ലാതെ കാർഡ് ആർക്കും നൽകിയിട്ടില്ല. ബിജെപിയുമായി ചേര്‍ന്ന ട്വന്‍റി 20ക്കല്ല ജനം വോട്ട് ചെയ്തത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. സാബു എം ജേക്കബ് ബിജെപിയുമായി ചേർന്ന് വർഗീയത പരത്തുകയാണെന്ന് കോണ്‍ഗ്രസ് നേനതാവ് വി. പി സജീന്ദ്രൻ ആരോപിച്ചു. സാബു എം ജേക്കബിന്‍റെ ആ പരിപ്പ് ഇവിടെ വേവില്ല. കിറ്റ് കൊടുത്ത് പാവങ്ങളെ പറ്റിച്ചാണ് സാബു ഇത്രകാലം പിടിച്ചു നിന്നത്. തന്‍റെ ബിസിനസ് അവതാളത്തിലായപ്പോൾ സാബു ബിജെപിലേക്ക് ചാടി.
വരും ദിവസങ്ങളിൽ സാബുവിന്‍റെ കാലിനടിയിലെ മണ്ണ് ഒളിച്ചു പോകുന്നത് കാണാം. സാബു ഇനി കമ്പനി തൊഴിലാളികളെ വെച്ച് ശക്തി പ്രകടനം നടത്തേണ്ടി വരും. ട്വന്‍റി 20യിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടുന്നവർ മാത്രമേ അവിടെ നിൽക്കുവെന്നും ബാക്കിയുള്ള ജനാധിപത്യ വിശ്വാസികള്‍ എല്ലാം മാറുമെന്നും കുന്നത് നാട് മണ്ഡലത്തിൽ ജാതിയും മതവും തിരിച്ചു ട്വന്‍റി 20 സർവ്വേ നടത്തിയെന്നും അതിന്‍റെ ഫലം ബിജെപിക്ക് വിറ്റുവെന്നും വിപി സജീന്ദ്രൻ ആരോപിച്ചു.


